
ന്യൂഡൽഹി: ഇന്ത്യയുടെ യുവതലമുറ സർഗാത്മകതയും നൂതന ആശയങ്ങളും നിറഞ്ഞവരാണെന്നും, അവരുടെ ആവേശമാണ് രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിന്റെ (വിബിവൈഎൽഡി) സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്യത്തിന്റെ ദിശ നിർണയിക്കുന്നതിൽ ജെൻ-സികൾക്ക് വലിയ പങ്കുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വികസിത് ഭാരത് ഡയലോഗ് യുവാക്കൾക്ക് തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാനുള്ള സുപ്രധാന വേദിയായി മാറി. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12-ന് ദേശീയ യുവജന ദിനമായി നാം ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്.
യുവാക്കളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തുടർച്ചയായ പദ്ധതികൾ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചതായും തുടർന്ന് ഇന്ത്യയിൽ സ്റ്റാർട്ടപ്പ് വിപ്ലവം ശക്തി പ്രാപിക്കുകയും ചെയ്തു.'- മോദി പറഞ്ഞു. 'നൂതന ആശയങ്ങൾ, ഊർജ്ജം, ലക്ഷ്യം എന്നിവയാൽ, യുവശക്തി രാഷ്ട്രനിർമ്മാണത്തിൽ മുൻപന്തിയിലാണ്. സംസ്കാരം, ഉള്ളടക്കം, സർഗാത്മകത എന്നിവയിൽ വേരൂന്നിയ ഓറഞ്ച് സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ശ്രദ്ധേയമായ വളർച്ച കൈവരിക്കുന്നുണ്ട്' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
യുവജനങ്ങളും രാജ്യത്തെ ഭരണനേതൃത്വവും തമ്മിൽ നേരിട്ട് സംവദിക്കാൻ അവസരമൊരുക്കുന്ന ദേശീയ വേദിയാണ് വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്. ജനുവരി ഒമ്പത് മുതൽ 12 വരെ നടന്ന സംവാദത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 ലക്ഷത്തിലധികം യുവാക്കളാണ് പങ്കെടുത്തത്. ഡിജിറ്റൽ ക്വിസ്, ഉപന്യാസ മത്സരം, സ്റ്റേറ്റ് ലെവൽ വിഷൻ പ്രസന്റേഷൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടന്ന കഠിനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ദേശീയ തലത്തിലേക്ക് യുവാക്കളെ തിരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള യുവ പ്രതിഭകൾ സംവാദത്തിന്റെ ഭാഗമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |