
ശബരിമല: ശബരിമല സ്വർണക്കൊള്ളയുടെ ഗൂഢാലോചനയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തും മുഖ്യപങ്കാളിയാണെന്നതിന്റെ സൂചനകൾ എസ്. ഐ.ടിക്ക് ലഭിച്ചതായി അറിയുന്നു.
ദ്വാരപാലക പാളികൾ കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ പ്രശാന്ത് ഉൾപ്പെടുന്ന സംഘം ഗൂഢാലോചന നടത്തിയെന്നാണ് നിഗമനം. പാളികൾ കൊണ്ടുപോകുന്നതിന് മുന്നോടിയായി അന്നത്തെ ദേവസ്വം മരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയറെ മാറ്റി പകരം അസി.എക്സിക്യൂട്ടീവ് എൻജിനിയർക്ക് ചുമതല നൽകിയതും ദേവസ്വം വിജിലൻസിനെ അറിയിക്കാതിരുന്നതും ഗൂഢാലോചനയുടെ ഭാഗമെന്നാണ് അനുമാനം.
സന്നിധാനത്ത് നടക്കുന്ന ഏതൊരു നിർമ്മാണ പ്രവർത്തനവും മരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയറെയും ദേവസ്വം വിജിലൻസിനെയും രേഖാമൂലം ബോർഡ് അറിയിക്കണമെന്നാണ് ചട്ടം. ഇത്തരമൊരറിയിപ്പ് ദ്വാരപാലക ശില്പപാളികൾ ഇളക്കിയെടുത്തപ്പോൾ നൽകിയിട്ടില്ല. അറിയിച്ചിരുന്നെങ്കിൽ, അവർ വിവരം നൽകുമ്പോൾ ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമായിരുന്നു.
2025 സെപ്തംബർ 7ന് ഇളക്കിയെടുത്ത ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിന് ഒരു മാസം മുമ്പാണ് ഇപ്പോഴത്തെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജു ചുമതലയേറ്റെടുക്കുന്നത്. തനിക്ക് മുമ്പ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നാണ് അദ്ദേഹം ധരിച്ചത്. കോടതിയുടെ അനുമതി തേടിയിട്ടില്ലെന്ന് മനസിലാക്കിയതോടെ അടിയന്തരമായി ശബരിമല സ്പെഷ്യൽ കമ്മിഷണർക്ക് ഒ.ജി.ബിജു റിപ്പോർട്ട് നൽകി. ദ്വാരപാലക ശില്പപാളികളിൽ സ്വർണം പൂശാൻ സന്നദ്ധനാണെന്ന് കാട്ടി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ ഇ മെയിലും റിപ്പോർട്ടിനൊപ്പം നൽകി. സ്പെഷ്യൽ കമ്മിഷണർ ഇക്കാര്യം അറിയിച്ചതോടെയാണ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം തുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |