
നല്ല ചൂട് ദോശയും ചട്ണിയും കഴിക്കാൻ ആഗ്രഹിക്കാത്തവർ കുറവാണ്. എന്നാൽ അരിയോ ഉഴുന്നോ ഇല്ലാതെ റാഗി കൊണ്ടുള്ള ദോശ കഴിച്ചിട്ടുണ്ടോ? കാൽസ്യം, ഇരുമ്പ്, നാരുകൾ എന്നിവയുടെ കലവറയായ റാഗി എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ പ്രമേഹം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും റാഗി സഹായിക്കുന്നു. ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും വിളർച്ച തടയാനും ഇത് നല്ലതാണ്.
സമ്മർദ്ദവും ഉറക്കമില്ലായ്മയും കുറയ്ക്കാനും റാഗി സഹായിക്കുന്നു. റാഗി പുട്ട് പലരും കഴിച്ചിട്ടുണ്ടാകും. അരിദോശയും ഗോതമ്പ് ദോശയും കഴിച്ചുമടുത്തെങ്കിൽ ഇനി റാഗി ദോശ ട്രെെ ചെയ്തു നോക്കൂ. തയ്യാറാക്കാനും വളരെ എളുപ്പമാണ്.
ആവശ്യമായ സാധനങ്ങൾ
റാഗി - ഒരു കപ്പ്
മുതിര - 1/4 കപ്പ്
ഉലുവ - ഒരു ടീസ്പൂൺ
ചോറ് - 1/2 കപ്പ്
ഉപ്പ് - പാകത്തിന്
ചെറിയ ഉള്ളി - രണ്ട്
ജീരകം - ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം റാഗി, മുതിര, ഉലുവ എന്നിവ നന്നായി കഴുകിയതിന് ശേഷം ചോറും ചേർത്ത് അഞ്ച് മണിക്കൂർ കുതിരാൻ വയ്ക്കുക. അഞ്ച് മണിക്കൂറിന് ശേഷം ഇവയ്ക്കൊപ്പം ആവശ്യത്തിന് ഉപ്പ്, ഉള്ളി, ജീരകം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം. അരച്ച മാവ് പൊങ്ങാൻ എട്ട് മണിക്കൂർ മാറ്റിവയ്ക്കണം. ശേഷം ഈ മാവ് ഉപയോഗിച്ച് ദോശ ചുടാം. ചൂടോടെ ചട്ണി കൂട്ടി വിളമ്പിയാൽ മതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |