
ചെന്നൈ:സമ്മർദ്ദത്തിന് വഴങ്ങാനോ തലകുനിയ്ക്കാനോ താൻ തയ്യാറല്ലെന്ന് ടി.വി.കെ പ്രസിഡന്റും നടനുമായ വിജയ്. മഹാബലിപുരത്ത് നടന്ന തമിഴക വെട്രി കഴകത്തിന്റെ ( ടി.വി.കെ) എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു വിജയ്. സഖ്യം പ്രശ്നമല്ല. ഒറ്റയ്ക്കു മത്സരിക്കാൻ സജ്ജമാണെന്നും പറഞ്ഞു.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ ചോദ്യം ചെയ്യലിനും ജനനായകൻ സിനിമയുടെ റിലീസ് തടസപ്പെട്ടതിനും പിന്നാലെയാണ് പ്രഖ്യാപനം.
തിരഞ്ഞെടുപ്പിന് സജ്ജമാകാനും രംഗത്തിറങ്ങാനും വിജയ് ഭാരവാഹികളോട് ആവശ്യപ്പെട്ടു.
ജനാധിപത്യ യുദ്ധം
ഞാൻ സമ്മർദ്ദത്തിന് വഴങ്ങുന്ന ഒരാളാണോ? ഈ മുഖം നോക്കിയാൽ നിങ്ങൾക്കത് മനസിലാകും. സമ്മർദ്ദമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. അത് ജനങ്ങൾക്കുവേണ്ടിയാണ്. ഇതൊരു തിരഞ്ഞെടുപ്പ് മാത്രമല്ല, ജനാധിപത്യ യുദ്ധമാണ്. യുദ്ധം നയിക്കുന്ന യോദ്ധാക്കളാണ് നിങ്ങൾ. രാഷ്ട്രീയത്തിലുള്ളവർ അണ്ണായെ മറന്നു, അണ്ണായെന്ന് പേരുള്ള പാർട്ടിക്കാർ പോലും. അണ്ണായെന്നത് തമിഴ്നാട് മുൻമുഖ്യമന്ത്രിയും ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രധാന ചിന്തകനുമായ സി.എൻ. അണ്ണാദുരൈയാണ്. അധികാരത്തിലുള്ള പാർട്ടികളുടെ വ്യാജ വോട്ട് കേന്ദ്രങ്ങളാണ് പോളിംഗ് ബൂത്തുകൾ. ഇതിനുമുൻപ് തമിഴ്നാട് ഭരിച്ചിരുന്നവർ ബി.ജെ.പിയുടെ അടിമകളാണ്. അവരെ ആശ്രയിക്കുന്നതിൽ അർത്ഥമില്ല. ഇപ്പോൾ ഭരിക്കുന്ന ഡി.എം.കെ എന്തെങ്കിലും ചെയ്യുമോയെന്ന് നോക്കിയാൽ, അവരും അങ്ങനെതന്നെ. വാസ്തവത്തിൽ, ഒരു പടി കൂടി മുന്നോട്ട്, അതിലും മോശം.
വിസിലിച്ച് വിജയ്
തിരഞ്ഞെടുപ്പ് കമ്മിഷൻ പാർട്ടിക്ക് വിസിൽ അനുവദിച്ചതിനുശേഷമുള്ള ആദ്യ യോഗമായിരുന്നു ഇന്നലെത്തേത്. എല്ലാ പാർട്ടി അംഗങ്ങളും കൈകളിൽ വിസിലുകളുമായാണ് എത്തിയത്. നേതാക്കൾ സംസാരിക്കുമ്പോഴെല്ലാം വിസിൽ ശബ്ദം കേൾക്കാമായിരുന്നു. വിജയ് വേദിയിൽ വലിയ വിസിൽ ചിഹ്നം അവതരിപ്പിച്ചു. വിജയ് വിസിലൂതിയപ്പോൾ സദസിലാകെ വിസിൽ മുഴക്കം നിറഞ്ഞു. ഇന്ന് മുതൽ മണ്ഡലാടിസ്ഥാനത്തിൽ ടി.വി.കെയുടെ തിരഞ്ഞെടുപ്പ് പ്രാചാരണ പരിപാടികൾ ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |