
കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ നേതാക്കൾ ആടിനെ പട്ടിയാക്കുന്ന പ്രചാരണ തന്ത്രമാണ് ഉപയോഗിക്കുന്നതെന്ന് സി.പി.എം നേതാവും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ വി. കുഞ്ഞികൃഷ്ണൻ. കൃത്യമായ കണക്കുകളും തെളിവുകളും നിരത്തിയാണ് പാർട്ടിയിൽ തട്ടിപ്പ് ഉന്നയിച്ചത്. വിദേശയാത്രയിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ഭൂവുടമകൾക്കൊപ്പം നിൽക്കുന്ന ചിത്രം തെളിവായി നൽകി. താൻ ഉന്നയിച്ച ആരോപണം ശരിയാണെന്ന് പാർട്ടിയിലെ പല മുതിർന്ന നേതാക്കളും സ്വകാര്യമായി തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,തന്റെ കൈയിലുള്ള തെളിവുകൾ പുറത്തുവിടണോ എന്നതിനെക്കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ല. പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചെന്ന് പറയുന്നത് കളവാണ്. തന്നെ കുറ്റക്കാരനാക്കിക്കൊണ്ടുള്ള വിശദീകരണം അംഗീകരിക്കാനാവില്ലെന്നും പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നുമാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു നയാ പൈസപോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പാർട്ടി പറയുന്നതെന്നും എന്നാൽ തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാൻ ഉപയോഗിച്ച രസീത് ഇതുവരെ പൂർണമായി തിരിച്ചുവന്നിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. രസീത് തിരിച്ചുവരാതെ ഒരു രൂപപോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് എങ്ങനെ പറയാൻ പറ്റുമെന്നും അദ്ദേഹം എം.വി. ജയരാജന് മറുപടിയായി ചോദിച്ചു.
'കോൺഗ്രസിലേക്ക് പോകില്ല'
കോൺഗ്രസിലേക്ക് പോയി സ്ഥാനാർഥിയാകുമെന്ന പ്രചാരണം തെറ്റാണെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഒരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരു കമ്യൂണിസ്റ്റുകാരനെന്ന രീതിയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |