
തിരുവനന്തപുരം: സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ രണ്ടാം ഘട്ട ചർച്ച നാളെ തുടങ്ങും. കേരളകോൺഗ്രസിന് (ജോസഫ്) ഒന്നോ രണ്ടോ സീറ്റ് കുറയുമെന്ന് സൂചന.ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, ഇടുക്കി സീറ്റുകൾ ഏറ്രെടുക്കണമെന്ന ആവശ്യം കോട്ടയം, ഇടുക്കി ഡി.സി.സികൾ കെ.പി.സി.സി നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 10 സീറ്റിൽ മത്സരിച്ച ജോസഫ് ഗ്രൂപ്പിന് രണ്ട് എം.എൽ.എമാരാണുള്ളത്.
കൂടുതൽ സീറ്റ് ആവശ്യപ്പെടില്ലെന്നും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ തങ്ങളുടെ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നുമാണ് കേരളാ കോൺഗ്രസിന്റെ നിലപാട്.
മുസ്ലീം ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെട്ടേക്കില്ല. അങ്ങനെയെങ്കിൽ കേരള കോൺഗ്രസ് ഒഴികെ മറ്റെല്ലാ കക്ഷികൾക്കും 2021-ൽ മത്സരിച്ച അത്രയും സീറ്രുകൾ ലഭിക്കും. സീറ്റുകളുടെ
വച്ചുമാറൽ സംബന്ധിച്ചാണ് പ്രധാന ചർച്ച. ഏറെയും വച്ചു മാറേണ്ടിവരിക കോൺഗ്രസുമായിട്ടാവും. തെക്കൻ ജില്ലകളിലും മദ്ധ്യകേരളത്തിലും ലീഗ് സീറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. മലബാറിലെപാർട്ടി എന്ന പേരുദോഷം ഇല്ലാതാക്കുന്നതിനൊപ്പം, പാർട്ടി സ്വാധീനം വിപുലപ്പെടുത്തുക കൂടിയാണ് ലക്ഷ്യം.
സീറ്റു വിഭജനം പൂർത്തിയാക്കിയ ശേഷമാവും സ്ഥാനാർത്ഥി നിർണയ ചർച്ച.
കെ.പി.സി.സി തിരഞ്ഞെടുപ്പ് സമിതി നാളെ ചേരുന്നുണ്ട്. പ്രധാന നേതാക്കൾ ഉൾപ്പെടെ 20 ഓളം അംഗങ്ങളാണ് സമിതിയിലുള്ളത്. ഡി.സി.സി അദ്ധ്യക്ഷന്മാരുമായും കോൺഗ്രസ് എം.എൽ.എമാരുമായുമുള്ള മേഖലാതല ചർച്ചകളും 27 ന് തുടങ്ങും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുൾപ്പെട്ട മേഖലയുടെ ചർച്ച 27 ന് വൈകിട്ട് നിശ്ചയിച്ചിരിക്കുകയാണ് . 28,29,30 തീയതികളിലായി മറ്റു മേഖലകളുടെ ചർച്ചയും നടക്കും. ഇതിനൊപ്പം ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനവും പൂർത്തിയാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |