
തിരുവനന്തപുരം: 2031ല്‍ തിരുവനന്തപുരം - കണ്ണൂര്‍ അതിവേഗ റെയില്‍പാത പ്രവര്‍ത്തനസജ്ജമാക്കുകയെന്നതാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. പദ്ധതിക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി അധികം വൈകില്ലെന്നാണ് സൂചനകള്‍. മെട്രോ മാന്‍ ഇ.ശ്രീധരനെയാണ് പദ്ധതിയുടെ ചുമതല കേന്ദ്രം ഏല്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി വാക്കാല്‍ നിര്‍ദ്ദേശിച്ചുവെന്ന് ശ്രീധരന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഉടനെ തന്നെ പദ്ധതിനടത്തിപ്പിനായി ഓഫീസ് തുറക്കുമെന്നും ഇത് പൊന്നാനിയിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
86,000 കോടി മുതല്‍ ഒരുലക്ഷം കോടി രൂപ വരെയാണ് തിരുവനന്തപുരം - കണ്ണൂര്‍ അതിവേഗ റെയില്‍പാതയുടെ ചെലവ് കണക്കാക്കുന്നത്. ഇതിന്റെ 51 ശതമാനം തുകയും റെയില്‍വേയാണ് മുതല്‍മുടക്കുക.വിശദമായ പദ്ധതി രേഖ (ഡിപിആര്‍) ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 70 ശതമാനം എലിവേറ്റഡ് പാതയും ബാക്കിയുള്ളത് തുരങ്കപാതയും എന്ന നിലയിലായിരിക്കും പദ്ധതി പൂര്‍ത്തിയാക്കുക. ഭൂമി ഏറ്റെടുത്താലും അവിടെ തൂണുകള്‍ സ്ഥാപിക്കുന്ന പണി പൂര്‍ത്തിയാക്കിയാല്‍ ഉടമയ്ക്ക് തിരികെ നല്‍കും. എന്നാല്‍ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല.
തിരുവനന്തപുരം - കൊല്ലം വരെയുള്ള പാത ഇപ്പോഴത്തെ റെയില്‍വേ ട്രാക്കിന് സമാന്തരമായിട്ടായിരിക്കും കടന്ന് പോകുക. മറ്റ് ജില്ലകളില്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളേയും ബന്ധിപ്പിച്ചാകും പാത കടന്ന് പോകുന്നത്. എട്ട് കോച്ചുകളുള്ള ട്രെയിനുകളാകും ഓടിക്കുക. യാത്രക്കാരുടെ എണ്ണം കൂടുന്നത് അനുസരിച്ച് കോച്ചുകളുടെ എണ്ണവും കൂടും. അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ചെലവിന്റെ 51 ശതമാനം റെയില്‍വേ വഹിക്കും.
ബാക്കി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഏറ്റെടുക്കണം. ഒരു കിലോമീറ്ററിന് 200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയും പിന്നീട് കാസര്‍കോട് വഴി മംഗളൂരുവിലേക്കും നീട്ടാനാണ് ഉദ്ദേശിക്കുന്നത്. ഭാവിയില്‍ ഇത് മുംബയ് വരെ നീട്ടാനും റെയില്‍വേ ആലോചിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |