
തിരുവനന്തപുരം: താൻ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നയാളാണെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ. താൻ ആദരവോടും ബഹുമാനത്തോടുമാണ് സ്ത്രീകളോട് ഇടപെടാറുള്ളതെന്നും മന്ത്രി ദൂരദർശനിലെ ഡിസി ടോക്സ് എന്ന അഭിമുഖപരിപാടിയിൽ പറഞ്ഞു. അഭിമുഖത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഗണേശിന്റെ മറുപടി.
'ഞാൻ സിനിമയിൽ അഭിനയിച്ച ആളാണ്. എന്നെക്കുറിച്ച് എന്റെ സഹപ്രവർത്തകരോട് ചോദിച്ചാൽ അവർ നല്ലത് മാത്രമേ പറയൂ. ഞാൻ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നയാളാണ്. ആദരവോടെയും ബഹുമാനത്തോടെയുമാണ് സ്ത്രീകളോട് ഇടപെടാറുള്ളത്. അതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്റെ പേര് ആരും പരാമർശിക്കാത്തത്. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതല്ല. ഞാൻ അങ്ങനെ ചെയ്യില്ല. എന്റെ കൂടെ വർക്ക് ചെയ്യുന്നവരുടെ ജ്യേഷ്ഠന്റെ സ്ഥാനത്താണ് ഞാൻ'- ഗണേശ് കുമാർ വ്യക്തമാക്കി.
മോട്ടോർ വാഹന നിയമത്തിൽ കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ആ ഭേദഗതി കേരളത്തിൽ ഉടൻ നടപ്പാക്കില്ല. കേന്ദ്രം ഭേദഗതി ചെയ്തിട്ടുള്ള നിയമങ്ങൾ ലഘൂകരിക്കുന്നതിനുള്ള സാദ്ധ്യതകൾ ഉൾപ്പടെ ചർച്ച ചെയ്ത ശേഷമേ ഇതിന്റെ തീരുമാനമുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി ട്രാൻസ്‌പോർട്ട് കമ്മിഷണറുമായി കൂടിക്കാഴ്ച നടത്തും. നിയമഭേദഗതി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ മാത്രമേ നിയമങ്ങൾ നടപ്പിലാക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |