
കണ്ണൂർ: പോസ്റ്റൽ ആക്ട് ഭേദഗതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ 23 തപാൽ ഓഫീസുകളുടെ ഭാവി അനിശ്ചിതത്വത്തിൽ. നിയമ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുനഃക്രമീകരണ നയത്തിന്റെ ഭാഗമായാണ് വരുമാനം കുറഞ്ഞ പോസ്റ്റോഫീസുകൾ അടച്ചു പൂട്ടുന്നത്.
കണ്ണൂർ, പയ്യന്നൂർ പോസ്റ്റൽ ഡിവിഷനു കീഴിലുള്ള 23 തപാൽ ഓഫീസുകളാണ് അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്. ജില്ലയിൽ 434 പോസ്റ്റോഫീസുകളാണ് ഉള്ളത്. ഒരുവർഷത്തെ ചെലവിന്റെ 20 ശതമാനം പോലും വരവില്ലാത്ത പോസ്റ്റോഫീസുകളാണ് അടച്ചുപൂട്ടുക. നഷ്ടം കാരണം മൂന്ന് മാസം മുമ്പ് ചിറക്കൽ പോസ്റ്റോഫിസ് പൂട്ടിയിരുന്നു. തുടർന്ന് പൂട്ടാനൊരുങ്ങുന്ന 23 പോസ്റ്റോഫീസുകളിൽ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്നവയാണ്. അടുത്തിടെ ചാലാട് പോസ്റ്റോഫിസ് പൂട്ടാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന് മുന്നിൽ കെ.വി സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി മാർച്ച് നടത്തിയിരുന്നു. വിഷയത്തിൽ കെ. സുധാകരൻ എം.പി ഇടപെടുകയും തുടർന്ന് അടച്ചുപൂട്ടൽ നടപടി നിർത്തിവയ്ക്കണമെന്ന് കേന്ദ്രം കമ്മ്യൂണിക്കേഷൻ മന്ത്രിയായ ജ്യോതിരാതിത്യ സിന്ധ്യയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പോസ്റ്റോഫീസുകൾ അടച്ചുപൂട്ടിയാൽ രജിസ്ട്രേഡ്, സ്പീഡ് പോസ്റ്റ്, പാഴ്സൽ തുടങ്ങിയ തപാൽ ഉരുപ്പടികൾ കുറഞ്ഞ ചെലവിൽ ബുക്ക് ചെയ്യാനുള്ള ഉപഭോക്താക്കളുടെ സൗകര്യം ഇല്ലാതാകും. പോസ്റ്റൽ സേവിംഗ്സ് അക്കൗണ്ടുകൾ തുടങ്ങിയ ഉപഭോക്താവിന് വീടിനു സമീപം ലഭ്യമായിരുന്ന സേവനത്തിന് വിദൂര പോസ്റ്റോഫീസുകളെ ആശ്രയിക്കേണ്ടിവരും.
കേന്ദ്ര സർക്കാർ നയം ഇങ്ങനെ
തപാൽ ഓഫിസുകൾ ഇല്ലാത്തിടത്ത് തുടങ്ങുകയും കൂടുതൽ പേർക്ക് സേവനം ലഭ്യമാക്കുകയുമാണ് പോസ്റ്റൽ ആക്ട് ഭേദഗതി നയത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. നഗരങ്ങളിൽ രണ്ടുകിലോമീറ്റർ ദൂരപരിധിക്കകത്തും ഗ്രാമത്തിൽ അഞ്ചുകിലോമീറ്റർ ദൂരപരിധിക്കുള്ളിലും ഒന്നിൽക്കൂടുതൽ ഓഫീസുകൾ ഉണ്ടെങ്കിൽ ഇവ ഇല്ലാത്തിടങ്ങളിലേക്ക് മാറ്റാനാണ് സർക്കാർ തീരുമാനം.
പ്രതിസന്ധി വൻ സാമ്പത്തിക ബാദ്ധ്യത
ലാഭമില്ലാതെ വർഷങ്ങളായി പ്രവർത്തിക്കുന്ന പോസ്റ്റോഫീസുകൾ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. സ്വന്തമായി കെട്ടിടമുള്ളത് ചുരുക്കം പോസ്റ്റോഫിസുകൾക്ക് മാത്രം. മറ്റുള്ളവയ്ക്ക് ഒരുവർഷം വാടകയിനത്തിൽ മാത്രം വലിയ തുകയാണ് അടയ്ക്കേണ്ടി വരുന്നത്. അതിന് പുറമേ വൈദ്യുതി ബിൽ, ശമ്പളം, മറ്റ് ചെലവുകൾ എന്നിവയും ബാധ്യതയാണ്. ലാഭമില്ലെങ്കിലും ചിലവിന്റെ 20 ശതമാനമെങ്കിലും തിരികെ കിട്ടാത്തവ പൂട്ടുകയേ നിർവാഹമുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്.
ജീവനക്കാർ മുൻകൈ എടുക്കാതെ പോസ്റ്റോഫീസ് പ്രവർത്തനം ലാഭകരമാക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കത്തിടപാടുകൾക്ക് പുറമേ പോസ്റ്റോഫീസുകളിൽ പോസ്റ്റൽ ഇൻഷൂറൻസ്, ഡെപ്പോസിറ്റ് തുടങ്ങിയ ധാരാളം സ്‌കീമുകളുണ്ട്. എന്നാൽ ഇത് ജനങ്ങളെ പറഞ്ഞ് മനസിലാക്കി, അവരെ ഇത്തരം സ്‌കീമുകളിൽ ചേർക്കാൻ ജീവനക്കാർ മുന്നോട്ടു വരുന്നില്ലെന്ന് ആക്ഷേപമുണ്ട്. നിലവിൽ പൂട്ടാനുള്ള പട്ടികയിൽ ഉൾപ്പെട്ട പോസ്റ്റോഫിസുകളിൽ വരുമാനം വർദ്ധിപ്പിക്കാൻ നിശ്ചിത സമയം അധികാരികൾ നൽകിയിട്ടുണ്ട്. കൂടുതൽ വരുമാനം കണ്ടെത്താൻ സാധിച്ചാൽ പ്രവർത്തനം നിലനിർത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |