
കോന്നി: ഇത് കടുവകളുടെ പ്രജനന കാലമായതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവർ സൂക്ഷിക്കണമെന്ന് വനംവകുപ്പ്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് പ്രജനനകാലം.
ഇണചേരുന്ന ഈ കാലത്ത് കടുവകൾ അതീവ ജാഗ്രതയുള്ളവരാണ്. മറ്റുള്ളവരുടെ കടന്നുകയറ്റമോ ശല്യപ്പെടുത്തലോ ഇവയെ കൂടുതൽ ആക്രമകാരികളാക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കടുവ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത് ഈ മാസങ്ങളിലാണ്. കോന്നി വനം ഡിവിഷനിലെ വനമേഖലയോട് ചേർന്ന ജനവാസ മേഖലകളായ കൊക്കാത്തോട്ടിലും, തണ്ണിത്തോട് മേടപ്പാറയിലും രണ്ടുപേരെ കടുവകൾ കൊന്നിരുന്നു. റാന്നി, കോന്നി ഡിവിഷനുകളിലെ പലയിടങ്ങളിലും കടുവ ജനവാസ മേഖലകളിൽ ഇറങ്ങിയിരുന്നു.
രാവിലെയും രാത്രിയിലും കാടിനുള്ളിലൂടെയോ ഓരം ചേർന്നോ ഉള്ള വഴികളിലെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പ് നിർദ്ദേശിച്ചു. വനത്തിലൂടെ നടക്കുമ്പോൾ ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കി വേണം പോകാൻ. ഗോത്ര ജനവിഭാഗങ്ങൾ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോകുമ്പോൾ വൈകുന്നേരത്തിന് മുമ്പായി തിരികെയെത്താൻ ശ്രദ്ധിക്കണം. ഒറ്റയ്ക്ക് കാടുകയറാതെ മൂന്നോ നാലോ പേരുള്ള സംഘങ്ങളായി പോകണം. ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് വനത്തിനുള്ളിലൂടെയും ഓരം ചേർന്നുമുള്ള യാത്രകൾ ഒഴിവാക്കണം. വനഭൂമിയലേക്ക് കന്നുകാലികളെ മേയാൻ വിടരുത്. രാത്രിയിൽ കന്നുകാലികളെ കെട്ടിയിരിക്കുന്ന തൊഴുത്തിൽ ലൈറ്റിടണം.
കടുവ ഒറ്റയ്ക്കല്ല ഈ സമയം
സാധാരണ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ജീവികളാണ് കടുവകൾ. പ്രജനന കാലത്ത് മാത്രമാണ് ഇവ ഇണചേരുന്നത്. ഇണയ്ക്കൊപ്പ മാണ് ഈ സമയം കഴിയുന്നത്. 105 മുതൽ 110 ദിവസം വരെയാണ് ഗർഭകാലം. മൂന്നുമുതൽ നാലുവരെ കുഞ്ഞുങ്ങളെ പ്രസവിക്കും.മൂന്ന് വർഷം കൊണ്ട് കുഞ്ഞുങ്ങൾ പൂർണ വളർച്ചയെത്തും. വനമേഖലകളോട് ചേർന്ന ജനവാസ മേഖലകളിൽ കടുവയുടെ സാന്നിദ്ധ്യം
ഉണ്ടായാൽ ഉടൻ വനം വകുപ്പിനെ വിവരം അറിയിക്കണം.- ആയുഷ് കുമാർ കോറി ( ഡി എഫ് ഒ, കോന്നി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |