
തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ കാറിലിരുന്ന് മദ്യപിച്ച ആറ് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഗ്രേഡ് എസ്‌ഐ ബിനു, സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ്, മനോജ്, അരുൺ, അഖിൽ രാജ്, അരുൺ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്ന് കമ്മീഷണർ അറിയിച്ചു. സസ്‌പെൻഷന് പുറമെ, കുറ്റക്കാരായ ഉദ്യോഗസ്ഥരെ നല്ലനടപ്പ് പരിശീലനത്തിന് അയയ്‌ക്കാനും തീരുമാനമായിട്ടുണ്ട്.
പൊലീസ് സ്റ്റേഷനിലെ റൈറ്ററുടെ ഉടമസ്ഥതയിലുള്ള സ്‌കോർപ്പിയോ കാറിലിരുന്നായിരുന്നു ഉദ്യോഗസ്ഥരുടെ മദ്യപാനം. ഇന്നലെ കഴക്കൂട്ടത്തെ ഒരു പ്രമുഖ വ്യവസായിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിന് മുന്നോടിയായാണ് ഇവർ സംഘം ചേർന്ന് മദ്യപിച്ചത്. ഡ്യൂട്ടിക്ക് കയറുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്.
മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്പെഷ്യൽ ബ്രാഞ്ച് എസ്‌പി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ആറ് ഉദ്യോഗസ്ഥരിൽ നാല് പേരാണ് മദ്യപിച്ചതെങ്കിലും, കൂടെയുണ്ടായിരുന്ന രണ്ട് പേർക്കും വീഴ്ച പറ്റിയതായും മദ്യപാനം തടയാൻ ശ്രമിച്ചില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിൽ ഡിജിപി നേരിട്ട് ഇടപെടുകയും ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്ന് രാവിലെ തന്നെ റിപ്പോർട്ട് സമർപ്പിച്ചു. പൊലീസിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |