
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ കയ്യക്ഷരം പരിശോധിക്കാൻ അന്വേഷണസംഘം. മിനുട്‌സ് തിരുത്തിയത് പത്മകുമാർ ആണെന്ന് ഉറപ്പിക്കാനാണിത്. ഇതിനായി കയ്യക്ഷരത്തിന്റെ സാമ്പിൾ ഉദ്യോഗസ്ഥർ ശേഖരിച്ചു. ശബരിമലയിലെ സ്വർണം ചെമ്പാക്കിയതിന്റെ രേഖകളും ശാസ്ത്രീയ പരിശോധന നടത്തും.
2019ലെ സ്വർണക്കൊള്ള കേസിലാണ് പത്മകുമാർ അറസ്റ്റിലായത്. കേസിൽ അറസ്റ്റിലാവുന്ന ആറാമനും രണ്ടാമത്തെ ബോർഡ് പ്രസിഡന്റുമാണ്. പോറ്റിക്ക് ഒത്താശചെയ്തതിൽ പത്മകുമാറിന് പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായിട്ടാണ് സ്വർണം പൊതിഞ്ഞ ചെമ്പുപാളികളെ വെറും ചെമ്പുപാളികളെന്ന് രേഖപ്പെടുത്തിയത്. പത്മകുമാറിന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ട്, പണമിടപാട് വിവരങ്ങളും സാമ്പത്തികസ്രോതസും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. നേരത്തേ അറസ്റ്റിലായ അഞ്ച് പേരുടെയും മൊഴികൾ പത്മകുമാറിന് എതിരാണ്. പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചതായി ബോർഡ് ഉദ്യോഗസ്ഥരും മൊഴിനൽകിയിട്ടുണ്ട്.
സ്വർണക്കൊള്ളയുടെ ഗൂഢാലോചന പത്മകുമാറിന്റെ വീട്ടിൽ നടന്നുവെന്നും തട്ടിപ്പിലൂടെ സാമ്പത്തികനേട്ടമുണ്ടാക്കിയെന്നും എസ്.ഐ.ടി കണ്ടെത്തിയിരുന്നു. കട്ടിള സ്വർണം പൊതിഞ്ഞതാണെന്ന് 2019ഫെബ്രുവരി 16ന് എക്സിക്യുട്ടീവ് ഓഫീസറുടെ കത്തിലുണ്ടായിരുന്നു. ഇത് തിരുത്തി ചെമ്പുപാളികൾ എന്നാക്കിയത് പത്മകുമാറിന്റെ നിർദ്ദേശപ്രകാരമാണെന്നാണ് അന്ന് കമ്മിഷണറായിരുന്ന എൻ.വാസുവിന്റെ മൊഴി. സ്വർണക്കൊള്ളയ്ക്ക് പോറ്റിയുമായി ചേർന്ന് തിരക്കഥയുണ്ടാക്കിയത് പത്മകുമാറാണ്. 1998- 99ൽ വിജയമല്യ ശ്രീകോവിലും ഭാഗങ്ങളും 30.291കിലോഗ്രാം സ്വർണം പൊതിഞ്ഞരേഖകൾ ബോർഡ് പൂഴ്‌ത്തിവച്ചിരുന്നത് എസ്.ഐ.ടി പിടിച്ചെടുത്തതോടെ സ്വർണക്കൊള്ളയ്ക്ക് തെളിവായി മാറുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |