
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണിയിലേക്ക് വിരൽചൂണ്ടുന്ന ആരോപണവുമായി സിപിഎം. പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ പി ഉദയഭാനുവാണ് ആന്റോ ആന്റണിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. തന്ത്രി കണ്‌ഠരര് രാജീവര് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിക്ഷേപിച്ച രണ്ടരക്കോടി രൂപ നഷ്‌ടപ്പെട്ടിട്ടും പരാതി നൽകിയിരുന്നില്ലെന്ന് എസ്‌ഐടി അറിയിച്ചിരുന്നു. ഈ സ്ഥാപനത്തിൽ നിന്ന് ആന്റോ ആന്റണി പണം കൈപ്പറ്റിയെന്നാണ് ഉദയഭാനുവിന്റെ ആരോപണം.
തിരുവല്ലയിലുള്ള നെടുമ്പറമ്പിൽ ഫിനാൻസിലാണ് കണ്‌ഠരര് രാജീവര് പണം നിക്ഷേപിച്ചത്. ഈ സ്ഥാപനം പൂട്ടിപ്പോയി. ഇവിടെനിന്നും ആന്റോ ആന്റണി എംപി രണ്ടര കോടി കൈപ്പറ്റിയതായി നാട്ടിൽ വർത്തമാനമുണ്ട് എന്നാണ് കെ പി ഉദയഭാനു ആരോപിക്കുന്നത്. എംപിയ്‌ക്ക് തന്ത്രിയുമായുള്ള ബന്ധം എന്തെന്ന് അറിയണമെന്നാണ് കെ പി ഉദയഭാനു ആവശ്യപ്പെടുന്നത്.
തന്ത്രി നിക്ഷേപിച്ച രണ്ടര കോടി രൂപ രേഖകളില്ലാത്ത പണമാണ്. എസ്‌ഐടി നെടുമ്പറമ്പിൽ ഫിനാൻസിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് പരിശോധന നടത്തി രേഖകൾ ശേഖരിച്ചിരുന്നു. എംപിയുടെ ഭാഗത്തുനിന്നുള്ള ദുരൂഹമായ പണമിടപാടിനെക്കുറിച്ച് ഒരു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നാണ് ഉദയഭാനു ആവശ്യപ്പെടുന്നത്. ഇതിനിടെ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്‌തു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്‌തത്. സ്വർണക്കൊള്ളയിൽ പ്രശാന്തും മുഖ്യപങ്കാളിയാണെന്ന സൂചനകൾ എസ്‌ഐടിക്ക് ലഭിച്ചെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |