SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.36 PM IST

സ്വർണക്കൊള്ളക്കേസ്, കുറ്റപത്രത്തിനായി ശാസ്ത്രീയ ‌പരിശോധനാഫലം കാത്ത് എസ്.ഐ.ടി

Increase Font Size Decrease Font Size Print Page
sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം തയ്യാറാക്കാനായി ശില്പപാളികളിലടക്കം എത്രത്തോളം സ്വർണം നഷ്ടമായി എന്നതടക്കമുള്ള വിശദമായ ശാസ്ത്രീയ പരിശോധനാഫലം കാത്തിരിക്കുകയാണ് എസ്.ഐ.ടി. നിലവിൽ ഏതാനും രേഖകളും മൊഴികളുമാണ് എസ്.ഐ.ടിക്ക് മുന്നിലുള്ളത്. കുറ്റപത്രം പഴുതടച്ചതാക്കാൻ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ അത്യാവശ്യമാണ്. വിചാരണ വേളയിൽ പ്രതികൾ രക്ഷപ്പെടുന്നത് ഒഴിവാക്കാനാണ് ശാസ്ത്രീയ പരിശോധന.


ദേവസ്വം മിനിട്ട്സിൽ സ്വർണം വെട്ടി ചെമ്പെന്ന് പ്രസിഡന്റായിരിക്കെ എ.പത്മകുമാർ സ്വന്തം കൈപ്പടയിലെഴുതിയത് ഫോറൻസിക് പരിശോധനയിൽ തെളിയിക്കണം. ഇതിനായി പത്മകുമാറിന്റെ കൈപ്പടയും ഒപ്പുമടക്കം ശേഖരിച്ച് ഫോറൻസിക് ലാബിലയച്ചു.

ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണപ്പാളികൾ മാറ്റി പുതിയവയാണോ തിരിച്ചെത്തിച്ചത് എന്നതിലും വിശദമായ പരിശോധന നടക്കുകയാണ്.

കൊള്ളയടിച്ച സ്വർണം ഇതുവരെ കണ്ടെത്താനായിട്ടില്ല. നഷ്ടമായതിന് തുല്യമായ സ്വർണമാണ് ബെല്ലാരിയിലെ ജുവലറിയിൽ നിന്ന് പിടിച്ചെടുത്തത്. തൊണ്ടിമുതൽ കണ്ടെടുക്കാനാവാത്തത് കേസ് ദുർബലമാക്കുമെന്ന് ആശങ്കയുണ്ട്. അഴിമതി നിരോധനനിയമം ചുമത്തിയ കേസിൽ ബോർഡ് ഭാരവാഹികളും ജീവനക്കാരുമായിരുന്ന പ്രതികൾക്കെതിരെ കുറ്റപത്രം നൽകാനും വിചാരണയ്ക്കും സർക്കാരിന്റെ അനുമതിയും ആവശ്യമാണ്.

ശാസ്ത്രീയ പരിശോധനാ ഫലം വൈകുമെന്നതിനാൽ കുറ്റപത്രം വൈകാനും പ്രതികൾ സ്വാഭാവിക ജാമ്യം നേടിയെടുത്ത് പുറത്തിറങ്ങാനും സാദ്ധ്യതയേറെയാണ്. പ്രതികൾ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ടെന്നും എസ്.ഐ.ടിക്ക് ആശങ്കയുണ്ട്.

പോറ്റിക്കെതിരെ

കൂടുതൽ കേസെടുക്കും

സ്വാഭാവിക ജാമ്യം ലഭിക്കുന്നതൊഴിവാക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതൽ കേസുകളെടുക്കാൻ നീക്കമുണ്ട്. ദ്വാരപാലക ശില്പപാളിക്കേസിൽ പോറ്റിക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. കട്ടിളപ്പാളിക്കേസിൽ അറസ്റ്റിലായിട്ട് ഫെബ്രുവരി രണ്ടിന് 90 ദിവസമാവും. അതിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം കിട്ടും. ഇതൊഴിവാക്കാൻ റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ പോറ്റിക്കെതിരെ കേസെടുക്കാനാണ് നീക്കം. കൊള്ളപ്പലിശ ഇടപാടിലടക്കം പോറ്റിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നേരത്തേ പരാതികളുണ്ടായിരുന്നു. ഇതിൽ കേസെടുത്ത് വീണ്ടും റിമാൻഡിലാക്കി പോറ്റി പുറത്തിറങ്ങുന്നത് തടയാനാണ് ശ്രമം.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.