
മലയിൻകീഴ്: വിളപ്പിൽശാലയിൽ വാക്കുതർക്കത്തിനിടെ യുവതിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ ആൺ സുഹൃത്ത് റിമാൻഡിൽ. വിളപ്പിൽശാല പേയാട് അരുവിപ്പുറം ഇളയകട്ടയ്ക്കാൽ വീട്ടിൽ വച്ച് കൊല്ലംകോണം സ്വദേശി വിദ്യാ ചന്ദ്രനാണ് (30) കൊല്ലപ്പെട്ട സംഭവത്തിൽ ആർ.രതീഷിനെയാണ് (40) വിളപ്പിൽശാല പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ വിദ്യാചന്ദ്രൻ മൂന്നുവർഷമായി രതീഷിനൊപ്പമാണ് താമസം. അടുത്തിടെ മദ്യപിച്ചെത്തി രതീഷ് വിദ്യയെ അസഭ്യം പറയുകയും ആക്രമിക്കുന്നതും പതിവായിരുന്നെന്നാണ് സമീപവാസികൾ പറയുന്നത്. സംഭവ ദിവസം രാത്രിയും ഇരുവരും തമ്മിൽ വഴക്കിടുകയും മർദ്ദിക്കുകയുമുണ്ടായി. മർദ്ദനത്തെ തുടർന്ന് യുവതി അബോധവസ്ഥയിലായി. പലവട്ടം വിദ്യയെ വിളിച്ചെങ്കിലും പ്രതികരണമില്ലാതായപ്പോൾ രതീഷ്, മച്ചേലുള്ള സുഹൃത്ത് വിന്ധ്യനോട് ഫോണിൽ വിവരം പറഞ്ഞു. ഇയാൾ മലയിൻകീഴ് സ്റ്റേഷനിലും വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലും വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവസ്ഥലത്ത് നിന്നാണ് രതീഷിനെ പിടികൂടിയത്. ക്രൂരമായ മർദ്ദനത്തെ തുടർന്ന് ആന്തരികാവയവങ്ങളിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വഴക്കും മർദ്ദനവും ഉണ്ടാകുമ്പോൾ യുവതി പിണങ്ങിപ്പോകുന്നത് പതിവായിരുന്നു. അടുത്തിടെ പിണങ്ങിപ്പോയ വിദ്യാചന്ദ്രൻ സംഭവ ദിവസത്തിന് രണ്ടുദിവസം മുമ്പാണ് മടങ്ങിയെത്തിയത്. രതീഷ് നിരവധി കേസുകളിൽ പ്രതിയാണെന്ന് വിളപ്പിൽശാല പൊലീസ് പറഞ്ഞു.
കുഞ്ഞുങ്ങളെയും ഉപദ്രവിച്ചു !
വിദ്യാചന്ദ്രൻ രണ്ടുകുട്ടികളുമായി രതീഷിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ഇയാൾ കുട്ടികളെ ഉപദ്രവിക്കാൻ തുടങ്ങി. ബന്ധുക്കളുടെ പരാതിയിൽ
പൊലീസ് കേസെടുത്തതിന് പിന്നാലെ കുട്ടികളെ വിദ്യയുടെ ആദ്യ ഭർത്താവ് കൂട്ടിക്കൊണ്ടുപോയി. ഇതോടെ ഇരുവും മാത്രമായിരുന്നു വീട്ടിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |