
മർദ്ദിച്ചത് ക്ഷേത്രോത്സവത്തിൽ ഗണഗീതം പാടിയത് ചോദ്യംചെയ്‌തതിന്
പാലോട്: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ആർ.എസ്.എസ് ഗണഗീതം പാടിയത് ചോദ്യം ചെയ്‌ത സി.പി.എം നേതാവിനെ മർദ്ദിച്ച സംഭവത്തിൽ ആറ് ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരെ പൊലീസ് പിടികൂടി.
സി.പി.എം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാനിനെ മർദ്ദിച്ച ചല്ലിമുക്ക് വി.ആർ.ഭവനിൽ രഞ്ജു വി രാജു (38),ചല്ലിമുക്ക് വൈശാഖം വീട്ടിൽ അഭിറാം (31),കൊല്ലായിൽ കാലായിൽ തോടരികത്ത് വീട്ടിൽ പ്രശാന്ത്(31),ചല്ലിമുക്ക് പുണർതം വീട്ടിൽ അക്ഷയ് (30),കൊല്ലായിൽ ചല്ലിമുക്ക് പുണർതം വീട്ടിൽ ആഷിക് (28),ചല്ലിമുക്ക് കൊല്ലംപറമ്പിൽ വീട്ടിൽ പ്രതീഷ് (26) എന്നിവരാണ് പിടിയിലായത്. ഷാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
ഇലവുപാലം കൊല്ലായിൽ അപ്പൂപ്പൻ നടയിലെ ഉത്സവത്തോടനുബന്ധിച്ച് ചല്ലിമുക്ക് ജംഗ്ഷനിൽ നടത്തിയ ഭക്തിഗാനസുധയിൽ ഗണഗീതം പാടിയത് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചോദ്യം ചെയ്‌തിരുന്നു. ഇതേച്ചൊല്ലി ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരുമായി തർക്കമുണ്ടായി. പിന്നീട് ഷാൻ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നാലെയെത്തി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റതിന് പുറമേ കൈക്ക് പൊട്ടലുമുണ്ട്. കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ഷാൻ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പാലോട് സ്റ്റേഷൻ ഓഫീസർ ബിനു,എസ്.ഐ രഞ്ജിത്ത്,എസ്.സി.പി.ഒമാരായ പ്രദീപ്,രജിത്ത് രാജ്,അനീഷ്,മഹേഷ്,രതീഷ്,എ.എസ്.ഐ നസീറ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ചികിത്സയിലുള്ള ഷാനിനെ ഡി.കെ.മുരളി എം.എൽ.എ,വി.ജോയി എം.എൽ.എ,ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു,വിതുര ഏരിയാ സെക്രട്ടറി പി.എസ്.മധു തുടങ്ങിയവർ ആശുപത്രിയിൽ സന്ദർശിച്ചു. ബി.ജെ.പി ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പാലോട്ട് പ്രതിഷേധ പ്രകടനം നടന്നു. നാളെ അപ്പൂപ്പൻ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് 4 മുതൽ ചല്ലിമുക്ക് ജംഗ്ഷനിൽ ഭക്തജനസംഗമം നടത്തുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |