
ബംഗളൂരു: പ്രമുഖ ബിൽഡറുടെ വീട്ടിൽ നിന്ന് 18 കോടി രൂപയുടെ സ്വർണാഭരണങ്ങളും പണവും മോഷണം പോയതായി പരാതി. വീട്ടിൽ ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശികളായ ദിനേശും കമലയുമാണ് മോഷണം നടത്തിയത്. ഇവർക്കായി ബംഗളൂരു പൊലീസ് തെരച്ചിൽ ആരംഭിച്ചു.
യെമലൂരുവിലെ കെമ്പപുര മെയിൻ റോഡിലുള്ള ബിൻഡറും ഡെവലപ്പറുമായ ഷിമന്ത് എസ് അർജുൻ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ഷിമന്ത് ഭാര്യയ്ക്കും മകനും മാതാപിതാക്കൾക്കുമൊപ്പം ബന്ധുവിന്റെ വീട്ടിന്റെ ഭൂമിപൂജയ്ക്ക് പോയ സമയത്താണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
ദിനേശും കമലയും അവരുടെ സഹായികളുമായി വീട്ടിൽ എത്തി മോഷണം നടത്തുകയായിരുന്നു. ഇതിനിടെ 12.38ഓടെ ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയായ അംബിക ഇത് കാണാനിടയായി. അവരാണ് വിവരം ഹിമന്തിനെ അറിയിച്ചത്. പിന്നാലെ പ്രതികൾ മോഷണവസ്തുക്കളുമായി സ്ഥലംവിടുകയായിരുന്നു.
പ്രതികൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് വീടിന്റെ അലമാര തകർത്ത് ഏകദേശം 10കിലോ സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ചതായാണ് വിവരം. ആദ്യനിലയിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ലോക്കർ പൊളിച്ച് അതിൽ നിന്ന് ഒന്നരകിലോ സ്വർണവും അഞ്ച് കിലോ വെള്ളി ആഭരണങ്ങളും 11.5 ലക്ഷം രൂപയും എടുത്തു.
ഏകദേശം 17.74 കോടി രൂപ വിലമതിക്കുന്ന സ്വർണ - വജ്രാഭരണങ്ങളും, 14.6 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് കിലോ വെള്ളി ആഭരണങ്ങളും 11.5 ലക്ഷം രൂപയും മോഷണവസ്തുക്കളിൽ ഉൾപ്പടുന്നു. മൊത്തം 18 കോടിയുടെ നഷ്ടമാണ് സംഭവിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്. കവർച്ച നടത്തുന്നതിന് 20 ദിവസം മുൻപാണ് പ്രതികൾ വീട്ടുജോലിക്കായി എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |