
പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി എൻ.ഹരികുമാർ ഉപാധികളോടെ ജാമ്യം അനുവദിച്ചു. പതിനെട്ട് ദിവസത്തെ ജയിൽ വാസത്തിനുശേഷം മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ രാഹുൽ അടൂരിലെ വസതിയിലെത്തി. മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.
വിവാഹിതയായ യുവതിയെ വിവാഹമോചനം നേടാതെ എങ്ങനെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പറയാനാകുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നെന്ന് പ്രതിഭാഗം വാദിച്ചു. നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റുചെയ്തത്. പരാതിക്കാരി മൊഴി നൽകാൻ ഒരുവർഷവും ഒൻപത് മാസവും വൈകി. പരാതിക്കാരി വിദേശത്താണ്. അതിനാൽ എം.എൽ.എ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപ്പെടുത്തുമെന്ന വാദം നിലനിൽക്കില്ല. കേസിൽ നേരിട്ട് സാക്ഷികളില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
എല്ലാ ശനിയാഴ്ചയും രാവിലെ 10നും ഉച്ചയ്ക്ക് 12നും ഇടയിൽ മൂന്നു മാസത്തേക്ക് അല്ലെങ്കിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥനുമുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥകളോടെയാണ് ജാമ്യം. തെളിവുകൾ നശിപ്പിക്കുകയോ അന്വേഷണത്തിൽ ഇടപെടുകയോ ചെയ്യരുത്. സാക്ഷികളെ പ്രലോഭിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ വാഗ്ദാനങ്ങൾ നൽകുകയോ ചെയ്യരുത്. അതിജീവിതയെ നേരിട്ടോ ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയോ ഉപദ്രവിക്കുകയോ ആശയവിനിമയം നടത്തുകയോ ചെയ്യരുത്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കപ്പെടും.
പ്രതിഷേധവുമായി
യുവമോർച്ച
കനത്ത പൊലീസ് സുരക്ഷയിലാണ് രാഹുലിനെ ജയിലിന് പുറത്തെത്തിച്ചത്. പിന്നാലെ യുവമോർച്ച പ്രവർത്തകർ രാഹുലിന്റെ വാഹനം തടയാൻ ശ്രമിച്ചു. വാഹനത്തിൽ ഇടിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. മൂന്ന് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ മർദ്ദനത്തിൽ പരിക്കേറ്റ യുവമോർച്ച കാർത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് സുജിത്ത് ബോധരഹിതനായി വീണു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉഭയസമ്മതമുണ്ടെങ്കിലും
ബലപ്രയോഗം ഗൗരവകരം
കൊച്ചി: ആദ്യ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റി. യുവതിയെ മാനഭംഗപ്പെടുത്തിയെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും ആരോപിച്ച് രജിസ്റ്റർചെയ്ത കേസാണിത്. ലൈംഗികബന്ധം ഉഭയസമ്മതത്തോടെ ആയിരിക്കാമെന്ന് വാദത്തിനിടെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരാമർശിച്ചു. എങ്കിലും ചില സന്ദർഭങ്ങളിൽ ബലപ്രയോഗം നടന്നതായി പരാതിയിൽ പറയുന്നുണ്ട്. ഇത് ശരിയാണെങ്കിൽ ഗൗരവമുള്ള വിഷയമാണ്.
ബലമായി ഗർഭഛിദ്രത്തിന് ഇരയാക്കിയെന്ന കുറ്റവും നിലനിൽക്കുമെന്ന് സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. ഹർജിക്കാരന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും മറ്റുരണ്ട് യുവതികൾ കൂടി പീഡന പരാതി നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി വാദിച്ചു. ലോകത്തുതന്നെ ഇത്തരമൊരു ലൈംഗിക ചൂഷണ പരാതി മുമ്പുണ്ടായിട്ടില്ല. പരാതിക്കാരിക്കെതിരെ വ്യാപക സൈബർ ആക്രമണമുണ്ടായി. മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശമാകും. ഇരകൾ മുന്നോട്ടുവരാത്ത സാഹചര്യമുണ്ടാകുമെന്നും പറഞ്ഞു.
ആദ്യം രജിസ്റ്റർ ചെയ്തത് ഈ കേസാണെന്നും മറ്റ് കേസുകളിൽ കുറ്റപത്രം നൽകാത്ത സാഹചര്യത്തിൽ ക്രിമിനൽ പശ്ചാത്തലം ഉന്നയിക്കുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു. ഇരുവരും തമ്മിൽ നേരത്തേ അടുപ്പമുണ്ടായിരുന്നു. 2024 മാർച്ച് 17ന് യുവതിക്കുനേരെ ബലപ്രയോഗം നടത്തിയെന്നും വീഡിയോ പകർത്തിയെന്നും പരാതിയിലുണ്ട്. ഇത് ഗൗരവമേറിയ ആരോപണമാണ്. എന്നാൽ, ഇതിനുശേഷം ഹർജിക്കാരനൊപ്പം യുവതി രണ്ടുദിവസം പാലക്കാട് തങ്ങിയിട്ടുണ്ട്. അതിന് കാരണമെന്തെന്ന് കോടതി ചോദിച്ചു.
ഹർജിക്കാരന്റെ ഭീഷണിയും വൈകാരികമായ സമ്മർദ്ദവും കാരണമാണ് വീണ്ടും കണ്ടുമുട്ടിയതെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചു. അവശതയിലായിരുന്ന പരാതിക്കാരിക്കുനേരെ അവിടെവച്ചും ബലപ്രയോഗമുണ്ടായെന്നും ചൂണ്ടിക്കാട്ടി. ഈ കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |