
ന്യൂഡൽഹി: അഞ്ച് വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ട തെരുവുനായയെ അന്വേഷിച്ച് യുവാവ് എത്തിയപ്പോൾ കണ്ടത് കണ്ണുനിറയ്ക്കുന്ന കാഴ്ച. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്ന ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ചിരാഗ് എച്ച്.വി ഹവേലിയ എന്ന യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് തരംഗമാകുന്നത്. 'മനുഷ്യർ നിങ്ങളെ മറന്നേക്കാം, പക്ഷേ നായ്ക്കൾ മറക്കില്ല' എന്ന തലക്കെട്ടോടെയായിരുന്നു യുവാവ് വീഡിയോ പങ്കുവച്ചത്.
റോഡ് മുറിച്ചുകടന്ന് യുവാവ് ലില്ലിയെന്ന് വിളിച്ചപ്പോൾ ആദ്യം നായ മടിച്ചുനിന്നു. എന്നാൽ നിമിഷങ്ങൾക്കുള്ളിലാണ് തന്റെ പഴയ സ്‌നേഹിതനെ ലില്ലി തിരിച്ചറിഞ്ഞത്. പെട്ടെന്ന് തന്നെ വാലാട്ടി ഓടിയെത്തുകയും സ്‌നേഹം കൊണ്ട് യുവാവിനെ പൊതിയുകയും ചെയ്തു. വർഷങ്ങൾക്ക് മുൻപ് ഒരു ഫുഡ് ട്രക്ക് നടത്തിയിരുന്ന കാലത്താണ് യുവാവിന് ലില്ലിയെ കിട്ടുന്നത്. ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണ് യുവാവിന്റെ അടുത്തേക്ക് ലില്ലി ആദ്യമായി എത്തിയത്. പിന്നീട് ഫുഡ് ട്രക്ക് പൂട്ടേണ്ടി വന്നപ്പോൾ ലില്ലിയെ കൂടെക്കൂട്ടാൻ യുവാവിന് സാധിച്ചിരുന്നില്ല. ആ പ്രദേശത്തെ നാട്ടുകാർ നായയെ നന്നായി നോക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് വിഷമത്തോടെയാണെങ്കിലും അവിടെത്തന്നെ ലില്ലിയെ വിടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു.
'ആരോഗ്യപ്രശ്നങ്ങളും ജോലിത്തിരക്കും കാരണം പിന്നീട് ലില്ലിയെ കാണാൻ വരാൻ എനിക്ക് കഴിഞ്ഞില്ല. സുഹൃത്തുക്കൾ അയച്ചുതരുന്ന ചിത്രങ്ങളിലൂടെയാണ് അവളെക്കുറിച്ച് അറിഞ്ഞിരുന്നത്. അഞ്ച് വർഷങ്ങൾക്കിപ്പുറം ഇന്ന് ദൂരെ നിന്ന് ലില്ലിയെ കണ്ടപ്പോൾ, ഞാനിപ്പോൾ അപരിചിതനായി ലില്ലിക്ക് തോന്നുമോ എന്ന് ഭയന്നിരുന്നു. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്.' യുവാവ് പറയുന്നു.
ഇതുവരെ നാല് ലക്ഷത്തിലധികം പേർ ആണ് യുവാവിന്റെ വീഡിയോ കണ്ടത്. 'നായ്ക്കൾ ഭൂമിയിലെ മാലാഖമാരാണ്, അവർ സ്‌നേഹം നൽകാൻ മാത്രം ജനിച്ചവരെന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് ചെയ്തത്. മനുഷ്യരുടെ ഗന്ധം പോലും വർഷങ്ങളോളം നായ്ക്കൾ ഓർത്തെടുക്കുമെന്നും, സ്‌നേഹത്തിന്റെ കാര്യത്തിൽ മനുഷ്യർക്ക് മൃഗങ്ങളിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും യുവാവിന്റെ വീഡിയോയിലൂടെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് നിരവധി പേർ കമന്റിലൂടെ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |