SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.26 AM IST

ചവറയുടെ ഹൃദയത്തിൽ ജീവിച്ച ബേബിജോൺ

Increase Font Size Decrease Font Size Print Page
s

ഒരു വലിയ ജനസമൂഹത്തെ അവകാശ സമരങ്ങളുടെ തീച്ചൂളയിലൂടെ വളർത്തിയെടുത്ത ചെറിയ പാർട്ടിയുടെ വലിയ നേതാവായ ബേബിജോൺ ദിവംഗതനായിട്ട് പതിനെട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു (ജനുവരി 29). നീണ്ടകരയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബമായ ലായത്തിൽ പടിഞ്ഞാറ്റത്തിൽ ജോണിന്റെയും മേരിയുടെയും മകനായി ജനിച്ച ബേബി ജോൺ വിദ്യാർത്ഥി ആയിരിക്കെത്തന്നെ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളിൽ പങ്കെടുത്തുതുടങ്ങി.

ജന്മസിദ്ധമായ കഴിവും നേതൃപാടവവും അതിനു തക്ക ആകാരവും ഒത്തിണങ്ങിയതുകൊണ്ടായിരിക്കാം, തൊഴിൽ മേഖല കലുഷിതമായ ചവറയുടെ ചുമതല ബേബിജോണിനെ ഏൽപ്പിക്കാൻ കണ്ണന്തോടത്ത് ജനാർദ്ദനൻ നായരും എൻ. ശ്രീകണ്ഠൻ നായരും തീരുമാനിച്ചത്. നാടുവാഴി പ്രമാണിമാരെയും കമ്പനി ഉടമകളെയും ഭയന്ന് ഭൂരിഭാഗം തൊഴിലാളികളും യൂണിയനുകളിൽ ചേരാൻ ഭയന്നിരുന്ന കാലം. ബേബി ജോൺ കൊളുത്തിയ ദീപശിഖയാൽ കാലത്തിന്റെ കുത്തൊഴിക്കിൽ മാടമ്പി വ്യവസ്ഥിതി കടപുഴകി വീണതും ചരിത്രം.

സർ സി.പിയുടെ കിരാത ഭരണമാണ് അക്കാലത്ത് നടമാടിയിരുന്നത്. ആർ.എസ്.പിയുടെ ഈറ്റപ്പുലിയായിരുന്ന കെ.സി.എസ്. മണിയുടെ വെട്ടുകത്തിയാൽ സി.പിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റ സംഭവത്തോടെ

അതിന് അന്ത്യം കുറിച്ചു. ബേബിജോൺ പാലക്കാട് വിക്ടോറിയ കോളേജിൽ പഠിച്ചിരുന്ന കാലത്ത് കൊല്ലങ്കോട് രാജാവിന്റെ മക്കളുമായി ഉണ്ടായിരുന്ന സൗഹൃദമാണ് കൊട്ടാരം എസ്റ്റേറ്റിൽ മണിക്ക് ഒളിത്താവളം ഒരുക്കാൻ സഹായിച്ചത്. പ്രതിസന്ധിഘട്ടങ്ങളിൽ നിർണായക തീരുമാനമെടുക്കാനും വിവാദങ്ങളിൽ അവസാന വാക്ക് പറഞ്ഞ് അനുയായികളെക്കൊണ്ട് അനുസരിപ്പിക്കാനും ബഹുജന മനഃശാസ്ത്രം സമർത്ഥമായി ഉൾക്കൊള്ളാനുമുള്ള കഴിവും തന്റേടവും കേരള രാഷ്ട്രീയത്തിൽ അക്കാലത്ത് ശക്തമായി പ്രകടമായത് ബേബിജോണിലും ടി.വി. തോമസിലുമായിരുന്നു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ എതിരാളികളെ കുത്സിത മാർഗങ്ങളിലൂടെ തേജോവധം ചെയ്യുക എന്ന അടവ് നയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എൺപതുകളുടെ തുടക്കത്തിൽ ബേബി ജോണിനെ ഒരു രാഷ്ട്രീയ കൊലപാതകിയുടെ മേലങ്കി അണിയിക്കാനും ഇക്കൂട്ടർ മടിച്ചില്ല. പരാജയം തീണ്ടാതെ നാല് ദശകത്തോളം എം.എൽ.എയും മൂന്ന് ദശകത്തോളം മന്ത്രിയുമായിരുന്ന ബേബിജോണിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ മെനഞ്ഞെടുത്ത ഒരു കറുത്ത അദ്ധ്യായമായിരുന്നു 'ചവറ സരസൻ സംഭവം." ബേബിജോൺ സരസനെ കൊന്നു കുഴിച്ചുമൂടി എന്നായിരുന്നു ആരോപണം. താമസിയാതെ സരസന്റെ തിരിച്ചുവരവോടെ പത്തരമാറ്റിൽ തിളങ്ങി,​ ചവറയുടെ ആ കറുത്ത മുത്ത്.

ബേബി ജോണിന് ഉചിതമായൊരു സ്മാരകം എന്ന സ്വപ്നം സഫലമാകാതെ ശേഷിക്കുന്നത് ജീവിതത്തിന്റെ സായാഹ്ന ഘട്ടത്തിലും പ്രിയ പത്‌നി അന്നമ്മ ടീച്ചറിനെ വേദനിപ്പിക്കുന്നുണ്ട്. കെ.എം. മാണിക്കും,​ കോടിയേരി ബാലകൃഷ്ണനും സ്മാരകം നിർമ്മിക്കുന്നതിന് സ്ഥലം പാട്ടത്തിന് അനുവദിച്ചത് ഈയിടെയാണ്. സി.പി.ഐയിലെ എൻ.ഇ. ബലറാമിന്റെയും കാനത്തിന്റെയും സ്മാരത്തിനായി ശബ്ദമുയരുന്നു. തലപ്പൊക്കത്തിൽ ബേബിജോൺ ഇവർക്കാർക്കും പിന്നിലല്ല. അർഹിക്കുന്ന നീതി ലഭ്യമാക്കുക എന്നത് കാലത്തിന്റെ നിയതിയാണ്. ബേബിജോൺ തന്നെ വളർത്തിയെടുത്ത നേതൃത്വനിരയുടെ ഇടപെടൽ അതിന് കരുത്തേകുമെന്ന് പ്രത്യാശിക്കാം.

TAGS: BABY JOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.