SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.46 PM IST

മൂന്നാം ഊഴം തേടി ജനപ്രിയ ബഡ്ജറ്റ്

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ കേവലം ഒരു മാസം മാത്രം ശേഷിക്കെ, ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റിന്റെ ലക്ഷ്യം മൂന്നാമൂഴത്തിനുള്ള ടിക്കറ്റ്. ഒന്നിനും നികുതി വർദ്ധനയില്ല, വിലകൂടുമെന്ന പേടിയും വേണ്ട. എന്നാൽ ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നുമുണ്ട്.

ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച കിട്ടിയ സർക്കാരിന് ജനപ്രീതി കുറഞ്ഞെന്ന സംശയവും ജനപ്രിയ ബഡ്ജറ്റിന് പിന്നിലുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തു പിടിക്കുന്നുണ്ട്. സമസ്ത മേഖലകളെയും പരിഗണിച്ചിട്ടുമുണ്ട്. ഡി.എ കുടിശികയുടെ പേരിലും ശമ്പളപരിഷ്കരണ കമ്മിഷൻ പ്രഖ്യാപിക്കാത്തതിന്റെ പേരിലും മുഖം വീർപ്പിച്ചിരുന്ന സർക്കാർ ജീവനക്കാരുടെ പരാതി തീർത്തു. ഓട്ടോ റിക്ഷകൊണ്ട് ഉപജീവനം നടത്തുന്ന കുടുംബങ്ങളുടെ കൈയ്യടി നേടാൻ പ്രഖ്യാപനങ്ങൾ ധാരാളം. അടിസ്ഥാന വർഗ്ഗത്തെയും ഉദ്യോഗസ്ഥ വിഭാഗത്തെയും വ്യവസായ മേഖലയെയും ഒരുപോലെ പരിഗണിച്ചു. യുവാക്കൾ, വിദ്യാർത്ഥികൾ, വയോജനങ്ങൾ എല്ലാവർക്കുമുണ്ട് ആവോളം ഗുണങ്ങൾ. സാംസ്കാരിക, രാഷ്ട്രീയ, സാമുദായിക മേഖലകളിലെ പ്രതിഭകളെ വന്ദിക്കാനും പദ്ധതികളുണ്ട്. ചുരുക്കത്തിൽ ആർക്കും അലോസരം തോന്നാത്ത ബഡ്ജറ്റ്.

തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സാമൂഹ്യസുരക്ഷാ പെൻഷൻ 1600-ൽ നിന്ന് 2000 ആക്കി ഉയർത്തി, തൊഴിൽ രഹിതരായ വീട്ടമ്മമാർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ചു, ഡി.എ കുടിശിക ഒരു ഗഡു അനുവദിച്ചു. ഇതെല്ലാം ചെയ്തിട്ടും യു.ഡി.എഫ് മേൽക്കൈ നേടിയത് ഇടത് ക്യാമ്പിനെ അമ്പരിച്ചെന്നത് സത്യം. അതിനുശേഷവും ഭരണത്തുടർച്ച അവകാശപ്പെടുന്നുണ്ടെങ്കിലും കിട്ടിയ പ്രഹരത്തെക്കുറിച്ച് ഇടതു മുന്നണിക്ക് ഉത്തമ ബോദ്ധ്യമുണ്ടായി. ശബരിമല സ്വർണക്കൊള്ളയുടെ അപഹാരം കൂടിയായപ്പോൾ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമല്ലെന്ന തിരിച്ചറിവാണ് ജനങ്ങളെ തലോടുന്ന ബഡ്ജറ്റിന് ധനമന്ത്രിയെ പ്രേരിപ്പിച്ചത്.

പൂച്ച പെറ്രു കിടക്കുന്ന ഖജനാവെന്നും പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാരെന്നുമൊക്കെയുള്ള കുത്തുവാക്കുകൾ പ്രതിപക്ഷം ഉയർത്തുന്നുണ്ട്. അടുത്ത സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് തങ്ങൾ അവതരിപ്പിക്കുമെന്ന അവകാശവാദവും ഉയർത്തി.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY