
കൊച്ചി: അന്തരിച്ച ചലച്ചിത്ര താരം കലാഭവന്‍ നവാസിന്റെ ഓര്‍മ്മകളില്‍ വിതുമ്പി ഭാര്യാപിതാവ്. നവാസ് രചനയും സംവിധാനവും നിര്‍വഹിച്ച ഇന്ന് എന്ന നാടകം അരങ്ങേറിയ വേദിയിലാണ് ഭാര്യ രഹ്നയുടെ പിതാവും നാടകപ്രവര്‍ത്തകനുമായ കൊച്ചിന്‍ ഹസ്സനാര്‍ വികാരഭരിതനായത്. നവാസ് മരുമകനായിരുന്നില്ലെന്നും മകനായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഒരാളെക്കുറിച്ചും മോശം പറയാത്ത വ്യക്തിയായിരുന്നു നവാസെന്നും ഹസ്സനാര്‍ പറയുന്നു.
നാടകം കാണാന്‍ കുടുംബാംഗങ്ങള്‍ക്കു പുറമെ അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു. 'നവാസിന്റെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും കാണുമ്പോള്‍ സ്‌നേഹവും സന്തോഷവുമാണ് തോന്നുന്നത്,' ഹസ്സനാര്‍ പറഞ്ഞു. അകാലത്തില്‍ വിട പറഞ്ഞ നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം എന്ന സിനിമയെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു.
കൊച്ചിന്‍ ഹസ്സനാരുടെ വാക്കുകള്‍: 'എനിക്ക് രണ്ട് പെണ്‍കുട്ടികള്‍ ആണ്. അതില്‍ ഇളയ ആളാണ് രഹ്ന. എന്റെ രണ്ടു മക്കളും മരുമക്കളാണ്. വീട്ടിലേക്കു വന്നു കയറിയ പുത്രന്മാര്‍ രണ്ടുപേരും നല്ല പുത്രന്മാരായിരുന്നു. 22 വര്‍ഷമായി എന്റെ കൂടെ ആയിരുന്നു എന്റെ മരുമോന്‍. മരുമോന്‍ അല്ലായിരുന്നു, മകനായിരുന്നു. എല്ലാം അറിഞ്ഞു ചെയ്യുന്ന ആളായിരുന്നു. ഇതുവരെ ഒരാളെ പറ്റി പോലും മോശം പറഞ്ഞിട്ടില്ല. നവാസ്.. നീറ്റല്‍ തന്നു പോയി.
പുതിയ നാടകം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. 12 പേജോളം എഴുതി. എന്നോട് കഥ പറഞ്ഞു തന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന നാടകം മാറ്റി ഇതു ചെയ്യാമെന്നു പറഞ്ഞു. പക്ഷേ, അവന്‍ പോയി, 'എന്റെ മകന്‍ അവസാനമായി അഭിനയിച്ച സിനിമ പ്രകമ്പനം റിലീസ് ആവുകയാണ്. എല്ലാവരും കാണണം. തിയറ്ററില്‍ പോയി തന്നെ കാണണം'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |