
കൊച്ചി: വേദങ്ങളെ ആഴത്തിലറിയാൻ സകല മതസ്ഥർക്കും അവസരമൊരുക്കുന്ന മഹാക്ഷേത്രം ഷൊർണൂർ ത്രാങ്ങാലിയിൽ ഒരുങ്ങുന്നു. നിർമ്മാണം അഞ്ചു വർഷത്തിനകം പൂർത്തിയാക്കും. വേദമാതാവായ ഗായത്രിദേവിയാണ് മുഖ്യപ്രതിഷ്ഠ. ശിലാന്യാസം ഉടനെയുണ്ടാകുമെന്ന് നിർവാഹകരും വേദശാസ്ത്ര പ്രചാരകരുമായ ഗായത്രി ഗുരുകുലം ട്രസ്റ്റ് അറിയിച്ചു. 30കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ക്ഷേത്രത്തിന്റെ നാലു ദിക്കിലായാണ് ഋഗ്വേദ, യജുർവേദ, സാമവേദ, അഥർവവേദ പാഠശാലകൾ.
നീലിമലക്കുന്നിലെ നാലേക്കറിൽ പരിഹാരക്രിയകളും ഭൂപരിഗ്രഹവും പൂർത്തിയായി. ദീർഘവൃത്താകൃതിയിലുള്ള മൂന്നുനില ശ്രീകോവിലിലാകും ഗായത്രിവിഗ്രഹം പ്രതിഷ്ഠിക്കുക. ഉപദേവതകളായി ദക്ഷിണാമൂർത്തിയും വേദവ്യാസനും ഗണപതിയുമുണ്ടാകും. ഹനുമാൻ പ്രതിമയും സുബ്രഹ്മണ്യന്റെ സാന്നിദ്ധ്യമായി ശൂലവും സ്ഥാപിക്കും.
ഹോമകുണ്ഡങ്ങൾ, തീർത്ഥക്കുളം, ധ്യാനപ്പുരകൾ, വേദശാസ്ത്ര ഗവേഷണകേന്ദ്രം, വേദവ്യാകരണ പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി തുടങ്ങിയവയും സവിശേഷതയാണ്. നിലവിൽ ചെറുക്ഷേത്രവും യജ്ഞശാലയുമുണ്ട്. ജാതി, മത, പ്രായ, ലിംഗ, പൗരത്വ ഭേദമെന്യേ പഠിതാക്കൾക്ക് പ്രവേശനമുണ്ടാകും. ഗായത്രി ഗുരുകുലം ആചാര്യൻ തൃക്കണ്ടിയൂർ സ്വദേശി അരുൺ പ്രഭാകരന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. സംഭാവനകൾ സ്വീകരിക്കുന്നുണ്ട്.
രാം ലല്ലയുടെ ശില്പി
അയോദ്ധ്യയിലെ രാം ലല്ലയുടെയും കേദാർനാഥിലെ ശങ്കരാചാര്യ പ്രതിമയുടെയും ശില്പി അരുൺ യോഗിരാജിനെയാണ് ഗായത്രി വിഗ്രഹം പണിയാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്.
'ഗായത്രി തീർത്ഥപീഠത്തെ വേദപഠന സർവകലാശാലയാക്കി വളർത്തുകയാണ് ലക്ഷ്യം.
ആർ.ശ്രീകുമാർ, ഗായത്രി ഗുരുകുലം ട്രസ്റ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |