SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.10 PM IST

മെഡിസെപ് രണ്ടാംഘട്ടം ഇന്നാരംഭിക്കും; 25വരെ തിരുത്തലുകൾ വരുത്താം

Increase Font Size Decrease Font Size Print Page

medicep

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാംഘട്ടം ഇന്നാരംഭിക്കും. അംഗങ്ങൾക്ക് മെഡിസെപ് ഡാറ്റയിൽ 25 വരെ തിരുത്തൽ വരുത്താം. മെഡിസെപ് ഐ.ഡി കാർഡിലെ വിവരങ്ങളിൽ തിരുത്തലുകളോ, കൂട്ടിച്ചേർക്കലുകളോ ഉണ്ടെങ്കിൽ ട്രഷറി വഴി പെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാർ, അതത് ട്രഷറി മുഖേനയും ബാങ്കിലൂടെ പെൻഷൻ കൈപ്പറ്റുന്നവർ സൗകര്യപ്രദമായ ഏതെങ്കിലും ട്രഷറി മുഖേനയും തിരുത്തലുകൾ വരുത്തണം. 25നുശേഷം തെറ്റുകൾ തിരുത്താനോ ആശ്രിതരെ ഉൾപ്പെടുത്താനോ അവസരമുണ്ടാകില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

ജീവനക്കാർക്കും പെൻഷൻകാർക്കും www.medisep.kerala.gov.inൽ ലോഗിൻ ചെയ്ത് മെഡിസെപ് ഐ.ഡി കാർഡ് ഡൗൺലോഡ് ചെയ്യാം. പെൻഷൻകാർ മെഡിസെപ്പ് ഐ.ഡി യൂസർ ഐ.ഡിയായും പി.പി.ഒ നമ്പർ പാസ്‌വേർഡായും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. കാർഡിൽ പേരില്ലെങ്കിലോ, പേരിലോ മറ്റ് വിവരങ്ങളിലോ തെറ്റുണ്ടെങ്കിലോ പരിരക്ഷ ലഭിക്കില്ല.

രണ്ടാംഘട്ടത്തിൽ അഞ്ചുലക്ഷം രൂപവരെ ചികിത്സാകവറേജ് ലഭിക്കും. 8,244 രൂപയാണ് വാർഷിക പ്രീമിയം. പ്രതിമാസം ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും 687 രൂപ കുറയ്ക്കും. ആദ്യഘട്ടത്തിൽ പ്രതിമാസ പ്രീമിയം 500 രൂപയായിരുന്നു. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്കാണ് രണ്ടാംഘട്ടത്തിന്റെയും നടപ്പാക്കൽ ചുമതല. പദ്ധതിയിൽ ഉൾപ്പെടുത്തിയ ആശുപത്രികളിൽ പണരഹിത ഇൻപേഷ്യന്റ് ചികിത്സ ലഭ്യമാകും. മെഡിക്കൽ, സർജിക്കൽ ഉൾപ്പെടെ 2,516 പാക്കേജുകൾ പരിഷ്‌കരിച്ച പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 1,920 പാക്കേജുകളാണുണ്ടായിരുന്നത്. കൂടുതൽ ആശുപത്രികൾക്കൊപ്പം എല്ലാ വിഭാഗങ്ങളുടെ സേവനങ്ങളും പദ്ധതിയിലൂടെ ലഭ്യമാക്കും. പ്രതിദിന മുറിവാടക 5,000 രൂപയാക്കിയും സർക്കാർ പേ വാർഡ് മുറി വാടക 2,000 രൂപയാക്കിയും വർദ്ധിപ്പിച്ചിട്ടുണ്ട്.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY