SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.57 PM IST

നെഞ്ചിൽ നിറയൊഴിച്ച് റോയിയുടെ  ആത്മഹത്യ , ദുരൂഹത മുറുകുന്നു

Increase Font Size Decrease Font Size Print Page

cj-roy

ആദായനികുതി വകുപ്പ് മൗനത്തിൽ ,
അന്വേഷണത്തിന് എസ്.ഐ.ടി

തിരുവനന്തപുരം: നിശ്ചയദാർഢ്യംകൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും വൻ വ്യവസായ സാമ്രാജ്യം പടുത്തുയർത്തിയ കോൺഫിഡന്റ് ഗ്രൂപ്പ് മേധാവി സി.ജെ.റോയ്, ആദായനികുതി വകുപ്പിന്റെ പരിശോധയ്ക്കിടെ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയതിലെ ദുരൂഹത മുറുകുന്നു.

റെയ്ഡിനെത്തുടർന്ന് കടുത്ത മാനസികസമ്മർദ്ദം നേരിടേണ്ടിവന്നതായും അതാണ് മരണത്തിലേക്ക് തള്ളിവിട്ടതെന്നും സഹോദരൻ സി.ജെ.ബാബു ആരോപിച്ചു. തായ്‌ലൻഡിലെ ഫുക്കറ്റിൽ ആയിരുന്ന തന്നെ, വെള്ളിയാഴ്ച രാവിലെ 10.45ഓടെ വളരെ അസ്വസ്ഥനായി രണ്ടുതവണ വിളിച്ചിരുന്നു. എത്രയും പെട്ടെന്ന് മടങ്ങിവരണമെന്നും പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദഅന്വേഷണം ആവശ്യമാണെന്നും ബാബു പ്രതികരിച്ചു.

വിവാദമായതോടെ, കർണാടക സർക്കാർ ഡി.ഐ.ജി വംശികൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറി. ജോയിന്റ് കമ്മിഷണറും രണ്ട് എസ്.പിമാരും സംഘത്തിലുണ്ട്.

കേന്ദ്ര സർക്കാരിന് കീഴിലുള്ള ആദായ നികുതി വകുപ്പ് അധികൃതർ പുലർത്തുന്ന മൗനം ദുരൂഹത വർദ്ധിപ്പിക്കുകയാണ്. എന്തിന് റെയ്ഡ് നടത്തിയെന്നോ, റോയ് നടത്തിയ നിയമ ലംഘനം എന്താണെന്നോ വെളിപ്പെടുത്താൻ അവർ തയ്യാറാവുന്നില്ല. കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.എ.ജോസഫിന്റെ പരാതിയെത്തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റോയിയുടെ കുടുംബാംഗങ്ങളുടെയും മറ്റും മൊഴി കർണാടക സി.ഐ.ഡി ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.

ബിസിനസ് ദുബായിയിലേക്കു കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിൽ റോയ് ദുബായിൽ വൻ പാർട്ടി സംഘടിപ്പിച്ചിരുന്നു. മലയാള ചലച്ചിത്രപ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തു. പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു. റോയിയുമായി അടുപ്പമുള്ളവരിൽ ചിലരെ കേന്ദ്രഏജൻസികൾ ചോദ്യം ചെയ്തിരുന്നു.

ഡിസംബറിലെ ഐ.ടി റെയ്ഡിന് ശേഷം ദുബായിലേക്ക് പോയ റോയ് ദിവസങ്ങൾക്ക് മുൻപാണ് ബംഗളൂരുവിലെത്തിയത്. ദുരന്തമുണ്ടായ ദിവസം ഉച്ചയ്ക്ക് 12ഓടെയാണ് ഐ.ടി ഉദ്യോഗസ്ഥർ റിച്ച് മണ്ട് സർക്കിളിലെ കോൺഫിഡന്റ് ആസ്ഥാനത്തെത്തിയത്. റോയി എത്തിയത് ഉച്ചയ്ക്ക് രണ്ടുമണിക്കും. അതിനുശേഷം അമ്മയുമായി സംസാരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും ക്യാബിനിലേക്ക് മറ്റുള്ളവർക്ക് പ്രവേശനം വിലക്കിയതായും സഹപ്രവർത്തകർ പറയുന്നു. വൈകിട്ട് 3.15 ഓടെ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്.

വെടിയുണ്ട ശരീരം

തുളച്ച് പുറത്തേക്ക്

1. നെഞ്ചിൽ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നതായി പോസ്റ്റുമോർട്ടം നടത്തിയ ബൗറിംഗ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് എം.എൻ.അരവിന്ദ് പറഞ്ഞു. 6.35എം.എം വലുപ്പമുള്ള വെടിയുണ്ട കണ്ടെത്തി. നെഞ്ചിൽ തോക്ക് ചേർത്തുവച്ച് ഒറ്റത്തവണയാണ് വെടിവച്ചത്

 എൻ.പി ബോറെ 0.25 പിസ്റ്റളും​ ഡയറിയും​ രണ്ട് മൊബൈൽഫോണും പ്രത്യേക അന്വേഷണ സംഘത്തിന് ബംഗളൂരു അശോക്‌നഗർ പൊലീസ് കൈമാറി. സൈലൻസർ ഘടിപ്പിച്ച പിസ്റ്റളിന്റെ ബാലിസ്റ്റിക് പരിശോധന അടുത്തദിവസം നടക്കും. റോയിയുടെ കൈവശം എപ്പോഴുമുള്ള പെട്ടിയിൽ പിസ്റ്റളും പ്രധാന രേഖകളും ഉണ്ടായിരിക്കും. 20 വർഷമായി തോക്കിന്റെ ലൈസൻസുണ്ട്

സംസ്കാരം ഇന്ന്

ബംഗളൂരു ബന്നാർഗട്ടെ റോഡിലെ റോയിക്ക് ഏറ്റവും പ്രിയപ്പെട്ട കോൺഫിഡന്റ് കാസ്കേഡിലാണ് മൃതദേഹം സംസ്കരിക്കുക. അക്കാര്യത്തിൽ മുൻപ് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നാണ് അറിയുന്നത്.

TAGS: C J ROY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.