കാളികാവ്: കഴിഞ്ഞ വർഷം മേയിൽ കടുവയാക്രമണത്തിൽ തൊഴിലാളി കൊല്ലപ്പെട്ട
അടക്കാക്കുണ്ട് റാവുത്തൻകാട്ടിൽ വീണ്ടും കടുവയെത്തിയതായി നാട്ടുകാർ.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ പലതവണ കടുവയെ നേരിൽ കണ്ടതായി തൊഴിലാളികൾ പറഞ്ഞു.
റാവുത്തൻ കാടിനു തൊട്ടടുത്ത് എഴുപതേക്കറിൽ രണ്ടു മാസം മുമ്പ് ഒരു പശുവിനെയും രണ്ട് ആടുകളെയും കടുവ പിടിച്ചിരുന്നു.
റാവുത്തൻ കാട്ടിൽ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ തൊഴിലാളികൾ ഭീതിയിലാണ്.
എഴുപതേക്കറിൽ ക്യാമറയും കൂടും സ്ഥാപിച്ചെങ്കിലും കൂട്ടിൽ കടുവ കുടുങ്ങിയിട്ടില്ല.
റാവുത്തൻ കാട്ടിലും ക്യാമറയും കൂടും സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് റാവുത്തൻ കാടിനടുത്ത് നടുറോഡിൽ കിടക്കുന്ന കടുവയുടെ മുന്നിൽ നിന്ന് തൊഴിലാളി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ വർഷം ജൂലായ് ആറിന് സുൽത്താന എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിൽ ഒരു കടുവ കുടുങ്ങിയിരുന്നു.
ഈ കടുവ നേരത്തെ റാവുത്തൻ കാട്ടിൽ തൊഴിലാളിയെ കൊന്ന കടുവയല്ല എന്നു നാട്ടുകാർ അന്നേ പറഞ്ഞിരുന്നു.തൊഴിലാളിയെ കൊന്ന കടുവയാണ് ഇപ്പോഴും ഈ മേഖലയിലുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.
കൂടുവയ്ക്കുന്നതിന് മുമ്പ് കടുവയെ കണ്ട സ്ഥലത്ത് ക്യാമറ സ്ഥാപിക്കുകയും കടുവയുടെ ചിത്രം ക്യാറയിൽ പതിയുകയും വേണം. പിന്നീട് വനംവകുപ്പിന്റെ അനുമതിയും ഡി.എഫ്.ഒയുടെ തുടർ നടപടികൾക്കും ശേഷമേ കൂടുവയ്ക്കാൻ കഴിയൂ
നുജൂം, വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ
പ്രതിരോധ നടപടികൾ വേണം
ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാനും കൃഷിനാശം കുറയ്ക്കാനുമുള്ള പദ്ധതികൾക്കാണ് ബഡ്ജറ്റിൽ തുക വകയിരുത്തേണ്ടതെന്ന് നാട്ടുകാർ പറയുന്നു. വെറുതേ കോടികൾ നീക്കിവച്ചിട്ട് കാര്യമില്ല.
വന്യ ജീവികൾ കാട് വിട്ടിറങ്ങുന്നത് പൂർണമായി തടഞ്ഞാലേ വന്യജീവി സംഘർഷം ഇല്ലാതാക്കാനാവൂ.
ബഡ്ജറ്റിന് മുൻപ് വനംവകുപ്പ് ഓരോ പ്രദേശത്തിന്റേയും ലാൻഡ് സ്‌കേപ്പും പദ്ധതി വിഹിതത്തിന്റെ രൂപ രേഖയും തയ്യാറാക്കിയിരുന്നെങ്കിലും പ്രതീക്ഷിച്ച തുക ബഡ്ജറ്റിൽ വകയിരുത്തിയിട്ടില്ല.
നിലമ്പൂരിൽ മാത്രം 24 കോടി രൂപ മനുഷ്യ, വന്യജീവി സംഘർഷ ലഘൂകരണത്തിന് ആവശ്യമുണ്ട്. വയനാട്, പാലക്കാട്, മണ്ണാർക്കാട് തുടങ്ങിയ ഭാഗങ്ങൾക്ക് ഇതിലേറെ തുകയും ചെലവിടേണ്ടതുണ്ട്.
സൗരോർജ വേലികൾ, തൂക്കുവേലികൾ, ആനമതിൽ എന്നിവ എല്ലാ വനാതിർത്തികളിലും നിർമ്മിക്കണം, വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും കൃഷിനാശം സംഭവിക്കുന്നവർക്കും സമയബന്ധിതമായി ആശ്വാസധനം നൽകണം എന്നിവയാണ് കർഷകരുടെ പ്രധാന ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |