SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.14 PM IST

ധാതു ഇടനാഴി: വികസന പ്രതീക്ഷയിൽ കൊല്ലം

Increase Font Size Decrease Font Size Print Page
vanitha-mathil

കൊല്ലം: കേന്ദ്ര ബഡ്ജറ്റിൽ കേരളമടക്കം നാല് സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി പ്രഖ്യാപിച്ച ധാതു ഇടനാഴിയുടെ സംസ്ഥാനത്തെ കേന്ദ്രം കൊല്ലമാകാൻ സാദ്ധ്യത. കൊല്ലത്തെ നീണ്ടകര മുതൽ ആലപ്പുഴയിലെ കായംകുളം വരെയുള്ള തീരമേഖലയിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ധാതുനിക്ഷേപമുള്ളത്. പദ്ധതി യാഥാർത്ഥ്യമായാൽ ധാതുക്കളുടെ ഖനനം, ധാതുക്കൾ വേർതിരിക്കുന്ന ഫാക്ടറി എന്നിവ കൊല്ലത്ത് വരും. വേർതിരിച്ചെടുക്കുന്ന ധാതുക്കൾ ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായങ്ങളും വരും.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ.ആ‌ർ.ഇ, സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ എന്നിവ മാത്രമാണ് നിലവിൽ നീണ്ടകര മുതൽ കായംകുളം വരെയുള്ള ഭാഗത്ത് ധാതുഖനനം നടത്തുന്നത്. കെ.എം.എം.എൽ ഇൽമനൈറ്റിൽ നിന്ന് പെയിന്റ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്‌മെന്റാണ് പ്രധാനമായും നിർമ്മിക്കുന്നത്. ഐ.ആർ.ഇ മോണോസൈറ്റിൽ നിന്ന് റെയർ എർത്ത് വേർതിരിച്ച് വിവിധ വ്യവസായ സംരംഭങ്ങൾക്ക് കൈമാറുന്നു.

ധാതുഖനനത്തിന്റെ വേഗം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ബഡ്‌ജറ്റിൽ വിഴിഞ്ഞം മുതൽ കൊച്ചിവരെ റെയർ എർത്ത് കോറിഡോർ പ്രഖ്യാപിച്ചിരുന്നു. സുനാമിക്കുശേഷം കടലിലെ ഒഴുക്കിലുണ്ടായ മാറ്റത്തിന്റെ ഫലമായി തീരമേഖലയിലെ ധാതുനിക്ഷേപം ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി ഭാഗത്തേക്കും വ്യാപിച്ചിട്ടുണ്ട്.

അതിപ്രധാനം ധാതുക്കൾ

ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോറുകൾക്ക് ആവശ്യമായ കാന്തങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ, വിൻഡ് മിൽ നിർമ്മാണത്തിനുള്ള കാന്തങ്ങൾ, ലാപ്ടോപ്, മൊബൈൽ ഫോൺ തുടങ്ങിയവയുടെ നിർമ്മാണത്തിന് ധാതുക്കൾ ആവശ്യമാണ്. ഇത്തരം വ്യവസായങ്ങൾ രാജ്യത്ത് ശക്തപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ധാതു ഇടനാഴി വികസിപ്പിച്ച് റെയർ എർത്ത് വേതിരിച്ചെടുക്കൽ ഊർജിതമാക്കുന്നതെന്നാണ് സൂചന. ചവറ കെ.എം.എം.എൽ സ്വകാര്യ സ്ഥാപനമായി 1932ലും ഐ.ആർ.ഇ 1950ലുമാണ് ആരംഭിച്ചത്. ധാതുനിക്ഷേപമുള്ള മേഖലയിൽ സ്വകാര്യഭൂമി ഏറ്റെടുത്ത് ഖനനം നടത്തിയശേഷം നികത്തി ഉടമകൾക്ക് തിരികെ നൽകുന്നതാണ് രീതി.

കൊല്ലം തീരത്തെ ധാതുക്കൾ


 ഇൽമനൈറ്റ്
 റൂട്ടൈൽ
 സിർക്കോൺ
 സില്ലിമെനൈറ്റ്
 മോണോസൈറ്റ്

''അപൂർവ ധാതുക്കളുടെ ശേഖരമുള്ള കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് റെയർ എർത്ത് മിനറൽസ് കോറിഡോർ സ്ഥാപിക്കുമ്പോൾ ഖനനവും വേർതിരിക്കലും പൂർണമായും പൊതുമേഖലയിൽ നിലനിൽക്കുന്നതാണെങ്കിൽ സ്വാഗതാർഹമാണ്

-എൻ.കെ. പ്രേമചന്ദ്രൻ എം.പി

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY