
കൊച്ചി: വേമ്പനാട്ട് കായലിലുണ്ട് ആറു ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ‘പൊലീസ് ദ്വീപ്’. പെരുമ്പളം ദ്വീപിലെ 12,000ത്തോളമുള്ള താമസക്കാരിൽ 82 പേർ പൊലീസ് ഉദ്യോഗസ്ഥർ. എസ്.ഐ ഉൾപ്പെടെ 11 പേർ വനിതകൾ. സി.ബി.ഐ, എൻ.ഐ.എ തുടങ്ങിയ കേന്ദ്ര ഏജൻസികളിലും ദ്വീപുകാരുണ്ട്.
പെരുമ്പളം ആലപ്പുഴ ജില്ലയുടെ ഭാഗമാണെങ്കിലും ബോട്ടിൽ 15 മിനിറ്റ് സഞ്ചരിച്ചാൽ എറണാകുളം ജില്ലയിലെ പൂത്തോട്ടയിലെത്താം. ഇവിടത്തെ 95% പൊലീസുകാർക്കും കൊച്ചി സിറ്റി പൊലീസ് പരിധിയിലാണ് ജോലി. പാലാരിവട്ടം സ്റ്റേഷനിലെ എസ്.എച്ച്.ഒ എസ്.ആർ.സനീഷ് മുതൽ എറണാകുളം ട്രാഫിക് വെസ്റ്റിലെ സീനിയർ സി.പി.ഒ പ്രേംചന്ദ്രദാസ് വരെ ഇവരിൽപ്പെടും. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിലും പെരുമ്പളം പെരുമയുണ്ട്.
43 സിവിൽ പൊലീസ് ഓഫീസർ (സി.പി.ഒ), 14 സീനിയർ സി.പി.ഒ, 10 എ.എസ്.ഐ, 14 എസ്.ഐ, ഒരു സി.ഐ എന്നിങ്ങനെയാണ് ദ്വീപിലെ പൊലീസുകാർ. നേരത്തേ 140 ഓളം പൊലീസുകാരുണ്ടായിരുന്നു. പലർക്കും എക്സൈസ്, ഫയർഫോഴ്സ്, ജയിൽ, കരസേന വിഭാഗങ്ങളിൽ നിയമനം കിട്ടിയതോടെ എണ്ണം കുറഞ്ഞു.
‘പൊലീസ് പെരുമ്പളം’ എന്ന പേരിൽ ദ്വീപിലെ പൊലീസുകാർ അടുത്തിടെ ഒത്തുകൂടിയിരുന്നു. ദ്വീപിൽ കുറ്റകൃത്യങ്ങൾ കുറവാണ്. ആലപ്പുഴ പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പെരുമ്പളം ഉൾപ്പെടുന്നതെങ്കിലും ഈ സ്റ്റേഷനിൽ നിലവിൽ പെരുമ്പളത്തെ പൊലീസുകാരില്ല.
വിരമിച്ച എട്ടു പൊലീസുകാർ ദ്വീപിലുണ്ട്. ഹെഡ് കോൺസ്റ്റബിളായി വിരമിച്ച എ.രവിയാണ് (78) പ്രായം കൂടിയ ആൾ. ഡി.വൈ.എസ്.പിയായിരുന്ന പ്രകാശനും പട്ടികയിലുണ്ട്.
വഴി തുറന്ന്
ക്ളബുകൾ
ദ്വീപുകാർക്ക് ജന്മസിദ്ധമായി കിട്ടിയതാണ് 'പൊലീസ് പ്രേമം". ഒരുകാലത്ത് ഇരുപതോളം ക്ലബുകളും ചാരിറ്റി സംഘടനകളും പെരുമ്പളത്ത് സജീവമായിരുന്നു. ഇവയെല്ലാം യുവാക്കളുടെ പൊലീസ് മോഹത്തിന് ഊർജം പകർന്നു. ട്യൂട്ടോറിയൽ കോളേജുകൾ കേന്ദ്രീകരിച്ച് ഉദ്യോഗാർത്ഥികൾ നടത്തിയ സംയുക്ത പഠനങ്ങളും പൊലീസ് വകുപ്പുകളിലേക്കായിരുന്നു. ദ്വീപിലെ നല്ലൊരു ശതമാനം യുവാക്കളും പൊലീസ് തസ്തികകളിലേക്കുള്ള പി.എസ്.സി പരിശീലനത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |