
ആലപ്പുഴ: ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഏറെക്കാലമായി ഭൂരിപക്ഷജനവിഭാഗം ഒറ്റപ്പെട്ട നിലയിലാണെന്നും ഒരുപാട് ആക്രമിക്കപ്പെട്ടവനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എൻഡിപി യോഗം മുഖപത്രം യോഗനാഥത്തിലൂടെയാണ് വെള്ളാപ്പള്ളി നടേശൻ ഇക്കാര്യങ്ങൾ കൂട്ടിച്ചേർത്തത്.
ഐക്യത്തിൽ നിന്ന് എൻഎസ്എസ് പിൻമാറിയിട്ടും എസ്എൻഡിപി പ്രതീക്ഷയുമായി മുന്നോട്ടു പോകുകയാണ്. മത ന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭൂരിപക്ഷജനവിഭാഗം അവഗണിക്കപ്പെട്ടുവെന്നും സമാന ചിന്താഗതിക്കാർ ഒന്നിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുന്നു.
'അത്തരം ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ഐക്യശ്രമങ്ങൾ. വൈകാതെ സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ. മനുഷ്യന്റെ വേദനയും സന്തോഷവും ഒന്നാണെന്ന തിരിച്ചറിവ് പലർക്കും ഇല്ല. അത് കേരളത്തിന്റെ ദുര്യോഗമാണ്. ഏറെക്കാലമായി ഭൂരിപക്ഷജനവിഭാഗം ഒറ്റപ്പെട്ട നിലയിലാണ്. ഒരുപാട് ആക്രമിക്കപ്പെട്ടവനാണ് ഞാൻ. എന്നെ ആക്രമിച്ചത് സമുദായത്തിലെ കുലം കുത്തികളാണ്.
അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ ഞാൻ പലർക്കും അനഭിമതനായി. എന്നെപ്പോലെ കേരളസമൂഹത്തിൽ വ്യക്തിഹത്യ ചെയ്യപ്പെട്ട, അവഹേളിക്കപ്പെട്ട ഒരാളുണ്ടോ എന്നത് സംശയമാണ്. ന്യൂനപക്ഷങ്ങളുടെ സംഘടിത ശേഷിക്ക് മുൻപിൽ ഭൂരിപക്ഷം ഞെരുക്കം അനുഭവിക്കുകയാണ്. ഇത് വിളിച്ചുപറഞ്ഞതിന് എന്നെ വർഗീയവാദിയാക്കാനും ഭ്രഷ്ടനാക്കാനും ആസൂത്രിതമായ ശ്രമങ്ങളുണ്ടായി. മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിന്റെ പേരിലുള്ള ആക്ഷേപങ്ങൾ ഇവയുടെ ഭാഗമാണ്. മതന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനത്തിൽ ഭരണത്തലങ്ങളിൽ അവഗണിക്കപ്പെട്ടു. അതിനാൽ എല്ലാവരും ഒരുമിച്ചുനിൽകണം'- വെള്ളാപ്പള്ളി നടേശൻ ലേഖനത്തിൽ കുറിച്ചു. എൻഎസ്എസ് - എസ്എൻഡിപി യോഗം ഐക്യം ഉണ്ടാകുമെന്ന് വെള്ളാപ്പള്ളി നടേശനും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും നേരത്തെ പറഞ്ഞിരുന്നു. എന്നാൽ സുകുമാരൻ നായർ ഒടുവിൽ പിന്മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |