കൊച്ചി/പെരുമ്പാവൂർ: പ്രമുഖ വ്യവസായിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് 50 ലക്ഷം തട്ടിയ കേസിൽ അറസ്റ്റിലായ ചാലക്കുടി സ്വദേശി സീമയുടെ (32) സംഘത്തിൽ പതിനഞ്ചോളം പേരുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കേസിലെ മുഖ്യ ആസുത്രകയായ പാലക്കാട് സ്വദേശി അടക്കമാണിത്. സീമയും കാമുകൻ ഇടപ്പള്ളി സ്വദേശി സഹൽ (ഷാനും 31) അറസ്റ്റിലായ വിവരം പുറത്തായതിന് പിന്നാലെ ഇവർ ഒളിവിലാണ്. പ്രതികൾക്കായി പെരുമ്പാവൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, സീമയും സംഘവും നിരവധി പ്രമുഖരെ കുടുക്കിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇവരിൽ നിന്ന് കണ്ടെടുത്ത ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഇതേതുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആരെയെല്ലാം കുടുക്കിയെന്ന് ഇവർ വെളിപ്പെടുത്തിയിട്ടില്ല.
പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇന്ന് ഇതിനായുള്ള അപേക്ഷ സമർപ്പിക്കും.
വ്യവസായിയുടെ പരാതിയിൽ ഇന്നലെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് സീമ വ്യവസായിയുമായി പരിചയപ്പെട്ടത്. പിന്നീട് കെണിയിൽ കുടുക്കുകയായിരുന്നു. ഫേസ്ബുക്ക് ചാറ്റ് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. നാണക്കേട് ഭയന്ന് വ്യവസായി പണം നൽകി. എന്നാൽ, വീണ്ടും ഭീഷണി തുടർന്നതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. അതേസമയം, സീമയുമായി ചില രാഷ്ട്രീയ നേതാക്കൾക്ക് ബന്ധമുണ്ടെന്ന് സൂചനയുണ്ട്. പരാതി പിൻവലിപ്പിക്കാൻ ചില യുവ രാഷ്ട്രീയ നേതാക്കൾ ശ്രമം നടത്തിയിരുന്നു. ഇത് സീമയുടെ സംഘത്തിന്റെ രാഷ്ട്രീയ സ്വാധീനം തുറന്ന് കാട്ടുന്നതായാണ് വിലയിരുത്തൽ.
അക്കൗണ്ടിൽ ബാക്കി 250 രൂപ
വ്യവസായിയുടെ പരാതി ലഭിച്ച പൊലീസ് അതീവ രഹസ്യമായാണ് അന്വേഷണം ആരംഭിച്ചത്. പ്രതികളുടെ നീക്കങ്ങൾ അദ്യം മനസിലാക്കി. സീമ ഗർഭിണിയാണെന്ന് വിവരം ലഭിച്ചതോടെ തുടർ നീക്കങ്ങളിൽ പൊലീസ് ജാഗ്രത പുലർത്തി. കഴിഞ്ഞ ദിവസങ്ങളിൽ സീമ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ടശേഷം കരുതലോടെയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഉടൻ മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കുകയായിരുന്നു. അതേസമയം, ഭീഷണിയെ തുടർന്ന് വ്യവസായി സീമയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചു. എന്നാൽ, കേവലം 250 രൂപ മാത്രമാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. പണം വിവിധ ആവശ്യങ്ങൾക്കായി ചെലവാക്കിയെന്നാണ് സീമയുടെ മൊഴി. പൊലീസ് ഈ മൊഴി മുഖവിലയ്‌ക്കെടുത്തിട്ടില്ല. പണം സംഘത്തിൽപ്പെട്ടവർ വീതിച്ചെടുത്തതാകാമെന്നാണ് പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ സീമയേയും സഹലിനെയും വിശദമായി ചോദ്യം ചെയ്യണം.
കേന്ദ്രം കൊച്ചി
വ്യവസായിയിൽ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ടുപേർ ഇന്നലെ പെരുമ്പാവൂർ പൊലീസിൽ പിടിയിലായതോടെ കൊച്ചി കേന്ദ്രീകരിച്ച് പെൺവാണിഭ ബ്ലാക്‌മെയിൽ സംഘങ്ങളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. സമൂഹമാദ്ധ്യമങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്. സമൂഹത്തിലെ ഉന്നത വ്യക്തികളേയും, വ്യവസായ പ്രമുഖരേയും, പ്രവാസികളേയുമാണ് ഇവർ നോട്ടമിടുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ച് കെണിയിൽപ്പെടുത്തിയാണ് പണം തട്ടുന്നത്. സംസ്ഥാനത്ത് നിരവധി പ്രമുഖരുടെ പണം ഇത്തരത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൊച്ചി കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങൾ തമ്പടിച്ചിട്ടുണ്ടെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |