SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.32 PM IST

യുവതിക്കും സഹപ്രവർത്തകനും സദാചാര പൊലീസ് മർദ്ദനം

Increase Font Size Decrease Font Size Print Page
f

തിരുവാണിയൂർ: രാത്രി ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെയും സഹപ്രവർത്തകനെയും സദാചാര പൊലീസ് ചമഞ്ഞ് നാട്ടുകാർ മർദ്ദിച്ചു. ജനുവരി 31ന് രാത്രി കണ്ണ്യാട്ടുനിരപ്പ് പാട്ടുള്ളിമൂലയിലാണ് സംഭവം. ചോറ്റാനിക്കരയിലെ പ്രമുഖ സ്വകാര്യ കമ്പനിയിലെ ട്രെയിനികളായ കൊല്ലം സ്വദേശികളായ 23കാരിക്കും യുവാവിനുമാണ് മർദ്ദനമേറ്റത്. മൂക്കിന് സാരമായി പരിക്കേറ്റ യുവതി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സതേടി.

പ്രദേശവാസികളായ മണിക്കുട്ടൻ, ബിബിൻ, ബേബി എന്നിവർക്കെതിരെ യുവതിയുടെ പരാതിയിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തു. നാട്ടുകാരെ മർദ്ദിച്ചെന്ന പരാതിയിൽ യുവാവിനെതിരെയും കേസുണ്ട്. ഏതാനും മാസംമുമ്പ് കമ്പനിയിൽ ട്രെയിനിയായി എത്തിയ യുവതി സഹപ്രവർത്തകരായ യുവതികൾക്കൊപ്പമാണ് താമസിക്കുന്നത്. സംഭവദിവസം നൈറ്റ്ഷിഫ്റ്റ് കഴിഞ്ഞ് രാത്രി 10ന് ശേഷം ഇരുവരും നടന്നുപോകുമ്പോൾ നാട്ടുകാരായ രണ്ടുപേർ ചോദ്യം ചെയ്യുകയായിരുന്നു.

വാക്കുതർക്കം അടിപിടിയിൽ കലാശിച്ചപ്പോൾ സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കവേയാണ് യുവതിക്ക് മർദ്ദനമേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ലെന്നും ഓട്ടോഡ്രൈവറെ നാട്ടുകാർ പിന്തിരിപ്പിച്ചെന്നും പരാതിയിലുണ്ട്. സംഭവമറിഞ്ഞെത്തിയ ചോറ്റാനിക്കര പൊലീസാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

യുവതിയുടെ മൊഴിരേഖപ്പെടുത്തിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതായി ആരോപണമുണ്ട്. യുവാവാണ് ആദ്യം മർദ്ദിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. യുവതിയെ മർദ്ദിച്ചവരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.

TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY