SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.37 PM IST

ഗാസയിൽ സമാധാനം പുലരണം: അറബ് ലീഗിന്റെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Increase Font Size Decrease Font Size Print Page
pm-modi

ന്യൂഡൽഹി: പലസ്തീൻ ജനതയ്ക്കുള്ള ഇന്ത്യയുടെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ അറബ് വിദേശകാര്യമന്ത്രിമാരുടെ സംഘവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെക്കുറിച്ചും മോദി സംസാരിച്ചു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ അറബ് ലീഗ് വഹിച്ച പ്രത്യേക പങ്കിനെ അദ്ദേഹം പ്രശംസിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇറക്കിയ പ്രസ്‌‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ആഴമേറിയ ചരിത്രപരമായ ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി അടിവരയിട്ടു. വർഷങ്ങളായി ഇരുഭാഗത്ത് നിന്നുമുള്ള ബന്ധങ്ങൾ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇരുപക്ഷത്തുമുള്ള ജനങ്ങളുടെ ക്ഷേമത്തിനായി വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, മുൻഗണന നൽകുന്ന മറ്റു മേഖലകൾ എന്നിവയിൽ സഹകരണമുണ്ടാകും. അവയെ കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ വരും വർഷങ്ങളിൽ ഇന്ത്യ-അറബ് പങ്കാളിത്തത്തിനായുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

എക്സിലൂടെ അറബ് നേതാക്കളുമായുള്ള ചിത്രവും പ്രധാനമന്ത്രി പങ്കിട്ടു. ചിത്രത്തോടൊപപ്പം അദ്ദേഹം ഒരു കുറിപ്പും പങ്കുവച്ചു. 'ലീഗ് ഓഫ് അറബ് രാഷ്ട്രങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരെയും പ്രതിനിധികളെയും ഇന്ന് സ്വാഗതം ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ആഴത്തിലുള്ള സാംസ്‌കാരിക ബന്ധങ്ങൾ, ഊർജ്ജസ്വലരായ ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, ശക്തമായ സാഹോദര്യ ബന്ധങ്ങൾ, സമാധാനം, പുരോഗതി, സ്ഥിരത എന്നിവയോടുള്ള പൊതു പ്രതിബദ്ധത ഞങ്ങൾ പങ്കിടുന്നു. അറബ് ലോകം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് . സാങ്കേതികവിദ്യ, ഊർജ്ജം, വ്യാപാരം, നവീകരണം എന്നിവയിലെ മെച്ചപ്പെട്ട സഹകരണത്തിലൂടെ പുതിയ മാനങ്ങൾ തുറക്കുകയും നമ്മുടെ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് മാറ്റുമെന്നും എനിക്ക് ഉറപ്പുണ്ട്'. മോദി എക്സിൽ കുറിച്ചു.

ഗാസയിലെ സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിഭാവനം ചെയ്ത 'ബോർഡ് ഓഫ് പീസ്' സംരംഭത്തിൽ ഇന്ത്യ ചേരുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നുണ്ട്. ഗാസ സമാധാന പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചെങ്കിലും, സമിതിയിൽ അംഗമാകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല.

2025 ഒക്ടോബറിൽ ഇസ്രയേലും ഹമാസും ഒപ്പുവച്ച വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് ട്രംപ് 'ബോർഡ് ഓഫ് പീസ്' അവതരിപ്പിച്ചത്. ഇതിലേക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചുകൊണ്ടുള്ള വിവരം ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ ആണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

അതേസമയം, ഇസ്രയേൽ-പലസ്തീൻ തർക്കത്തിൽ ഇന്ത്യയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് പലസ്തീൻ വിദേശകാര്യ മന്ത്രി വർസെൻ അഘബെക്കിയൻ രംഗത്തെത്തി.'ഇനി യുദ്ധങ്ങൾക്ക് സമയമില്ല. നയതന്ത്രത്തിലൂടെയും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിച്ചുമാകണം പരിഹാരം കാണേണ്ടത്. ഇരു രാജ്യങ്ങൾക്കുമിടയിൽ സുസ്ഥിരമായ സമാധാനം കൊണ്ടുവരാൻ മദ്ധ്യസ്ഥനായി ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയും.'അഘബെക്കിയൻ പറഞ്ഞു.

TAGS: NEWS 360, WORLD, WORLD NEWS, GAZA, LATESTNEWS, PMMODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY