
കണ്ണൂർ: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്നാണ് പുസ്‌തകത്തിന്റെ പേര്. ജോസഫ് സി മാത്യുവാണ് പ്രകാശനകർമ്മം നിർവഹിച്ചത്. 16 അദ്ധ്യായങ്ങളും 96 പേജുകളുമുള്ളതാണ് പുസ്‌തകം. പ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പുസ്‌തക പ്രകാശനച്ചടങ്ങ് മാറ്റിവച്ചതായി നവമാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം ഉണ്ടായതായി സ്വാഗത പ്രസംഗത്തിൽ കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. സദസിന് മുൻപാകെ പറയാൻ പറ്റാത്ത അശ്ലീല സന്ദേശം വരുന്നു. വ്യക്തിപരമായി തേജോവധം ചെയ്യുന്നതിലേയ്ക്ക് കാര്യങ്ങൾ കടക്കുകയാണ്. ഗീബൽസിയൻ തന്ത്രങ്ങൾ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണെന്നും കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.
പുസ്‌തകത്തിൽ സിപിഎം നേതാക്കളെ അതിരൂക്ഷമായി വിമർശിക്കുന്നുണ്ട്. ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കൾ മാറിയെന്നാണ് പുസ്‌തകത്തിൽ പറയുന്നത്. തീവെട്ടിക്കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിക്കുന്നു. ബൂർഷ്വാ രാഷ്‌ട്രീയ നേതാവിന്റെ ശൈലിയാണ് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനന്റേതെന്നും പുസ്‌തകത്തിലുണ്ട്.
പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ സാമ്പത്തിക ക്രമക്കേടുകളും വിശദമായി പുറത്തുകൊണ്ടുവരുന്നുണ്ട്. രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിനായി സമാഹരിച്ച ഫണ്ടിലെ ക്രമക്കേടുകൾ ആണ് പുസ്തകം വെളിപ്പെടുത്തുന്നത്. കുടുംബസഹായം, വീട് നിർമാണം, കേസ് നടത്തിപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ശേഖരിച്ച ഫണ്ടിന്റെ കണക്കുകൾ പാർട്ടി തന്നെ അവതരിപ്പിച്ച രേഖകൾ അടിസ്ഥാനമാക്കിയാണ് കുഞ്ഞികൃഷ്ണൻ പുസ്‌തകത്തിൽ പുറത്തുവിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |