കാട്ടാക്കട: കട്ടക്കോടുള്ള വീട്ടിൽ നടത്തിയ മോഷണത്തിൽ അലമാരയിലെ വൻ സ്വർണശേഖരം കണ്ട് തലകറക്കം ഉണ്ടായെന്ന് തെളിവെടുപ്പിനിടെ പ്രതി.കട്ടക്കോടുള്ള ഷൈനിന്റെ വീട്ടിൽ നിന്ന് 72 പവൻ ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി കല്ലിയൂർ സ്വദേശി ശ്രീകാന്തിനെയാണ് കഴിഞ്ഞ ദിവസം സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
മോഷണം നടത്തിയ രീതിയെക്കുറിച്ച് തികച്ചും വിചിത്രമായ കാര്യങ്ങളാണ് പ്രതി പൊലീസിനോട് വിവരിച്ചത്. വീടിന്റെ പ്രധാന വാതിൽ കുത്തിപ്പൊളിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വശത്തുള്ള വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു.തെളിവ് നശിപ്പിക്കാനായി ആദ്യം തന്നെ ഫ്യൂസ് ഊരി.മോഷണത്തിന് ശേഷം ടോയ്‌ലെറ്റിൽ കയറി തോർത്ത് നനച്ച് വിരലടയാളം പതിഞ്ഞ ഭാഗങ്ങളെല്ലാം തുടച്ച് വൃത്തിയാക്കിയെന്നും ശ്രീകാന്ത് പൊലീസിനോട് പറഞ്ഞു.രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വർണമാണ് ഇയാൾ കവർന്നത്.
മോഷണത്തിനുശേഷം സ്കൂട്ടറിൽ കിള്ളി വഴി കല്ലിയൂരിലേക്ക് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത്,നാട്ടുകാർ നൽകിയ സൂചനയെ തുടർന്നാണ്.രണ്ടുവർഷം മുൻപ് ഇതേ പ്രദേശത്ത് സംശയാസ്പദമായി കണ്ട ശ്രീകാന്തിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു.ഈ പഴയ വിവരമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതിക്കുള്ള ബന്ധങ്ങൾ കണ്ടെത്താനായി.കാട്ടാക്കട ഇൻസ്പെക്ടർ രാജേഷ്,സബ് ഇൻസ്പെക്ടർ കിരൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.മോഷണം നടന്ന വീട്ടിൽ പ്രതിയെ എത്തിച്ചതറിഞ്ഞ് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |