
വാഷിംഗ്‌ടൺ: കഴിഞ്ഞ കുറച്ചുനാളുകളായി സിനിമാക്കഥകളെ വെല്ലുന്ന സംഭവവികാസങ്ങളാണ് അമേരിക്കയിൽ നിന്നും പുറത്തുവരുന്നത്. ശതകോടീശ്വരനായി വളർന്ന് ഒടുവിൽ ലൈംഗിക കുറ്റവാളിയായി മാറി ജീവൻ നഷ്ടമായ വ്യവസായി ജെഫ്രി എപ്‌സ്റ്റീൻ ശേഖരിച്ചുവച്ചിരുന്ന വിവരങ്ങളാണ് (എപ്‌സ്റ്റീൻ ഫയൽസ്) അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലുടനീളം എപ്‌സ്റ്റീൻ ഫയൽ ശകലങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.
ഒരുകാലത്ത് കോടീശ്വരൻമാർക്കായി വിരുന്നുകളും നിശാപാർട്ടികളും സംഘടിപ്പിച്ചിരുന്ന എപ്‌സ്റ്റീൻ രാഷ്ട്രീയ പ്രമുഖരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റത്തിന് 2008ൽ പിടിയിലാകുകയായിരുന്നു. പക്ഷെ വെറും 13 ദിവസത്തിനകം അയാൾ പുറത്തിറങ്ങി വീണ്ടും ഇതേ പ്രവൃത്തി തുടരുകയായിരുന്നു. എന്നാൽ 2019 ജുലായിൽ എപ്‌സ്റ്റീൻ വീണ്ടും ഇതേ കുറ്റത്തിന് അഴിക്കുള്ളിലാകുകയായിരുന്നു. പിന്നീട് പുറംലോകം കേട്ടത് എപ്‌സ്റ്റീന്റെ മരണ വാർത്തയായിരുന്നു.
എപ്‌സ്റ്റീൻ ആത്മഹത്യ ചെയ്തെന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്. എപ്‌സ്റ്റീന്റെ മരണത്തിനുപിന്നാലെ മറ്റ് പ്രമുഖർക്കെതിരെ ഉയർന്ന ലൈംഗിക ആരോപണ കേസുകളിൽ നിയമനടപടികളും നിർത്തിവയ്ക്കുകയായിരുന്നു. എപ്സീറ്റിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകൾ ഇന്നും നിലനിൽക്കുകയാണ്.
എപ്‌സ്റ്റീനുമായി ബന്ധമുള്ള പല പ്രമുഖരുടെ പേരുകളും വീഡിയോ ശകലങ്ങളും നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, നടൻ അലക് ബാൾഡ്‌വിൻ, ഗായകൻ മൈക്കിൾ ജാക്സൺ, സിനിമാ നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈൻ എന്നിവരുമായി എപ്‌സ്റ്റീന് ബന്ധമുണ്ടായിരുന്നുവെന്ന് വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
ലൈംഗിക അടിമകളെന്ന് തോന്നിപ്പിക്കുംവിധം പല പെൺകുട്ടികളെയും ചൂഷണം ചെയ്യുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അവരിൽ പലരെയും പ്രമുഖർക്ക് കാഴ്ചവച്ചെന്ന ലോകത്തെ ഞെട്ടിച്ച തുറന്നുപറച്ചിലുകളും എപ്‌സ്റ്റീൻ നടത്തി. ട്രംപിനുവീണ്ടും അമേരിക്കയുടെ പരമാധികാരം ലഭിച്ചതോടെ എപ്സ്റ്റീൻ ഫയലുകളെക്കുറിച്ചുള്ള വിവാദങ്ങൾക്ക് വീണ്ടും ഉയരുകയായിരുന്നു. എപ്‌സ്റ്റീനൊപ്പമുള്ള ട്രംപിന്റെ ചിത്രങ്ങൾ സംശയങ്ങൾക്കും ആരോപണങ്ങൾക്കും വഴിവച്ചു. അങ്ങനെ നിരന്തര സമ്മർദ്ദങ്ങൾക്കൊടുവിലാണ് എപ്സ്റ്റീൻ ഫയൽസ് പുറത്തുവിടാൻ ട്രംപ് തന്നെ ആവശ്യപ്പെട്ടത്.
ജനുവരി 30നാണ് എപ്‌സ്റ്റീൻ ഫയലുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അമേരിക്കൻ ഭരണകൂടം പുറത്തുവിട്ടത്. മൂന്ന് ദശലക്ഷം പേജുകളും 180,000 ചിത്രങ്ങളും 2000 വീഡിയോകളുമടങ്ങിയതാണ് എപ്സ്റ്റീൻ ഫയൽസ്. എന്നാൽ ട്രംപ് ഭരണകൂടം ഇപ്പോഴും എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും പൂർണമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്നാണ് എതിർപാർട്ടികൾ ആരോപിക്കുന്നത്. ശതകോടീശ്വരൻമാരായ പലരുടെയും പേരുകൾ എപ്‌സ്റ്റീൻ ഫയലുകളിൽ ഉണ്ടെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. അവർ ആരെല്ലാമാണെന്ന് പരിശോധിക്കാം.
എപ്‌സ്റ്റീനും ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കും തമ്മിൽ നിരവധി യാത്രാ പദ്ധതികളെക്കുറിച്ചുള്ള ഇമെയിൽ കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് ഫയലിൽ പറയുന്നുണ്ട്. എന്നാൽ ഇലോൺ മസ്‌ക് ഇത് നിഷേധിച്ചിട്ടുണ്ട്. എപ്‌സ്റ്റീന്റെ സ്വകാര്യ ദ്വീപിൽ താൻ ഒരിക്കലും സന്ദർശനം നടത്തിയിട്ടില്ലെന്നാണ് ഇലോൺ മസ്‌ക് പറയുന്നത്. 2013 ജൂലായ് 18നുലഭിച്ച രണ്ട് ഇ മെയിലുകൾ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റിന്റെ പേരിലാണ് പ്രചരിക്കുന്നത്. ഇത് ബിൽ ഗേറ്റ്സ് അയച്ചതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇരുവരും തമ്മിൽ സൗഹൃദ സംഭാഷണങ്ങൾ നടത്തിയ വിവരങ്ങളും എപ്‌സ്റ്റീൻ ഫയലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ആരോപണങ്ങൾ തെറ്റാണെന്നും വാസ്തവവിരുദ്ധമാണെന്നും ബിൽ ഗേറ്റ്സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ട്രംപും എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് നൂറുകണക്കിനാരോപണങ്ങളാണ് കഴിഞ്ഞ കുറേ വർഷങ്ങളായി പുറത്തുവരുന്നത്. എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് താൻ ഒരുവിധത്തിലുള്ള കുറ്റകൃത്യങ്ങളും ചെയ്തിട്ടില്ലെന്നും അയാളുടെ ഇരകൾ തനിക്കെതിരെ ഒരു കുറ്റകൃത്യവും ആരോപിച്ചിട്ടില്ലെന്നും ട്രംപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് എഴുത്തുകാരിയും ജീവകാരുണ്യപ്രവർത്തകയുമായ സാറാ ഫെർസൂസണിന്റെ പേരും എപ്സ്റ്റീൻ ഫയലിൽ പലതവണ പരാമർശിച്ചിട്ടുണ്ട്. എപ്‌സ്റ്റീനും സാറയുമായി സൗഹൃദ സംഭാഷണങ്ങൾ നടന്നതിന്റെ ഇ മെയിൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സാറയെ എപ്സ്റ്റീൻ ചായ കുടിക്കാൻ സ്വാഗതം ചെയ്തിരുന്നുവെന്നും അതിനുമറുപടിയായി സാറ നിങ്ങൾ മഹാനാണെന്നും അഭിമാനമുണ്ടെന്നും പറയുന്ന തരത്തിലുള്ള വിവരങ്ങളും ലഭിച്ചു. എന്നാൽ സാറയും ഇത് നിഷേധിച്ചിരിക്കുകയാണെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
രാഷ്ട്രീയ പ്രമുഖനായ ലോർഡ് മണ്ടൽസൺ, അമേരിക്കൻ മീഡിയ എക്സിക്യൂട്ടീവായ സ്റ്റീഫൻ കെവിൻ ബാനൻ, നയതന്ത്രജ്ഞനായ മിറോസ്ലോവ് ലാജ്കാക്, സംവിധായകൻ ബ്രെറ്റ് റാറ്റ്നർ, ആന്റി എയ്ജിംഗ് ഇൻഫ്ളുവൻസർ പീറ്റർ ആറ്റിയ, ലോസ് എഞ്ചൽസ് ഒളിമ്പിക്സ് ഗെയിംസിന്റെ ചെയർമാൻ കേസ് വാസ്സർമാൻ, ശതകോടീശ്വരനായ സെർജി ബ്രിൻ, മുൻ ഇസ്രായേൽ പ്രധാനമന്ത്രി എഹൂദ് ബാരാക് തുടങ്ങിയവരുടെ പേരുകൾ എപ്സ്റ്റീൻ ഫയലിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യക്കാരുണ്ടെന്ന് ആക്ഷേപം
നടൻ അനുരാഗ് കശ്യപ്, സിനിമാനിർമാതാവ് മീരാ നായർ, എഴുത്തുകാരനായ ദീപക് ചോപ്ര, വ്യവസായി അനിൽ അംബാനി, നടിയും സംവിധായികയുമായ നന്ദിതാ ദാസ് എന്നിവരുടെ പേരുകളും എപ്സ്റ്റീൻ ഫയൽസിൽ ഉണ്ടെന്നാണ് സൂചന. അതേസമയം പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും എപ്സ്റ്റീൻ പങ്കെടുത്ത ഏതെങ്കിലും കുറ്റകൃത്യത്തിൽ ഇവർക്കുള്ള പങ്ക് ഫയലിൽ പറയുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |