ആരോപണത്തിൽ ഉറച്ചുനിൽക്കുന്നെന്ന് മൊഴി
കോഴിക്കോട്: സമൂഹ മാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചതിനെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയെ പൊലീസ് ചോദ്യംചെയ്തു. ലൈംഗികാരോപണ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഷിംജിത മൊഴി നൽകി. മാദ്ധ്യമങ്ങളോടും ഇതാവർത്തിച്ച അവർ വെറുതെ ഒന്നും പറയില്ലല്ലോയെന്നും പറഞ്ഞു. ഷിംജിതയെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാണ് പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്യലിന് ഒരു ദിവസം മാത്രമാണ് അനുവദിച്ചത്. തുടർന്ന് കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് ബസിൽ വച്ച് വീഡിയോ ചിത്രീകരിക്കാനുണ്ടായ സാഹചര്യം ചോദിച്ചറിഞ്ഞു. ദീപക്കിൽ നിന്ന് മോശം അനുഭവമുണ്ടായതിനെ തുടർന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ഷിംജിത ആവർത്തിച്ചു. വീഡിയോയിൽ മറ്റു കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടില്ലെന്നും മൊഴി നൽകി. നടപടികൾ പൂർത്തിയാക്കിയ ശേഷം ഷിംജിതയെ വൈകിട്ടോടെ വീണ്ടും കോടതിയിൽ ഹാജരാക്കി. തുടർന്ന് റിമാൻഡ് ചെയ്തു. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഷിംജിതയുടെ അപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ കുന്ദമംഗലം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |