
സർക്കാർ തല ചർച്ചകൾ ഇന്നാരംഭിക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിവസം ആഴ്ചയിൽ ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കാനുള്ള നിർദ്ദേശത്തിൽ സർക്കാർ തലത്തിൽ ചർച്ചകൾ ഇന്നാരംഭിക്കും.
നിർദ്ദേശത്തെ സർവ്വീസ് സംഘടനകൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ,പൊതു സേവന ദിനങ്ങൾ കുറയ്ക്കുന്നത് മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള നടപടികളിൽ എതിർപ്പുണ്ട്. നിലവിൽ 42 മണിക്കൂറാണ് ആഴ്ചയിലെ പ്രവൃത്തി സമയം. ഒരു ദിവസം കുറയ്ക്കുമ്പോൾ ആഴ്ചയിൽ 7 മണിക്കൂറിൻ്റെയും മാസത്തിൽ 21 മണിക്കൂറിന്റേയും വർഷത്തിൽ 36 ദിവസത്തെയും കുറവുണ്ടാകും..ഇത് പരിഹരിക്കാൻ രാവിലെയും വൈകിട്ടുമുള്ള സമയം കൂട്ടാനും പൊതു അവധി ദിവസങ്ങളും, ജീവനക്കാരുടെ കാഷ്വൽ ലീവുകളും കുറയ്ക്കാനും നിർദ്ദേശമുണ്ട്. അതിനോട് ജീവനക്കാർക്ക് പൊതുവെ യോജിപ്പില്ല. ജീവനക്കാരുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കാൻ പാടില്ലെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്. എന്നാൽ അവധി വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ എതിർപ്പുകൾ ശരിയല്ലെന്ന് ഭരണാനുകൂല സംഘടനകൾ പറയുന്നു.പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കുന്നത് സർക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കും. ഭരണച്ചെലവ് കുറയ്ക്കാം.കൂടുതൽ സമയം മറ്റാവശ്യങ്ങൾക്ക് ലഭിക്കും.ജീവനക്കാരുടെ ഉൽപാദന ക്ഷമതയും കാര്യശേഷിയും കൂട്ടാം.ഭരണ വേഗം വർദ്ധിപ്പിക്കാം.
അനുകൂലിച്ചും
എതിർത്തും
അധിക ജോലി ചെയ്ത് കൊണ്ട് പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കുന്നത് സർക്കാരിന്റെ ഔദാര്യമല്ലെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ പറഞ്ഞു.പ്രതിവാര പ്രവൃത്തി ദിനം അഞ്ചാക്കുന്നതിനെ ജോയിന്റ് കൗണ്‍സില്‍ സ്വാഗതം ചെയ്യുന്നവെന്ന് ചെയർമാൻ എസ്.സജീവ് പറഞ്ഞു.ദിവസവുമുള്ള പ്രവൃത്തി സമയം കൂട്ടിക്കൊണ്ട് ആഴ്ചയിൽ രണ്ട് അവധി ദിനം നൽകുന്നതിന്റെ കുറവ് നികത്താനാകുമെന്ന് സെക്രട്ടേറിയിറ്റ് എംപ്ളോയീസ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദ് പറഞ്ഞു.അതിന്റെ പേരിൽ ജീവനക്കാരുടെ കാഷ്വൽ ലീവും അവധിയും കുറയ്ക്കുന്നതിനെ അംഗീകരിക്കില്ല.പ്രവൃത്തി ദിവസം കുറയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി എൻ.ജി.ഒ.സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രാജേഷ് പറഞ്ഞു. അവധിയും ലീവും കുറയ്ക്കുന്നതിനെ അംഗീകരിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |