SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.59 PM IST

രാജവെമ്പാലകൾ ഏറെദൂരം സഞ്ചരിക്കുന്നത് ഇഴഞ്ഞല്ല,​ ട്രെയിനിൽ;​ യാത്രക്കാർ അറിയേണ്ടത് ഇക്കാര്യങ്ങൾ

Increase Font Size Decrease Font Size Print Page

king-cobra

പനാജി: കൊങ്കൺ റെയിൽവെയുടെ പ്രകൃതിഭംഗി ആസ്വദിച്ചുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി നിങ്ങൾക്കൊപ്പം ഒരു അതിഥി കൂടി എത്തിയാലോ? ആ അതിഥി ഒരു രാജവെമ്പാലയാണെങ്കിൽ എന്തായിരിക്കും സംഭവിക്കുക. കേൾക്കുമ്പോൾ അതിശയവും ഭയവുമൊക്കെ തോന്നുമെങ്കിലും ഗോവയിലെ ട്രെയിനുകളിൽ രാജവെമ്പാലകൾ കയറിക്കൂടുന്നത് പതിവാകുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ശാസ്ത്ര മാസികയായ ബയോട്രോപ്പിക്കയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ജർമ്മനിയിലെ മ്യൂസിയം ലിബ്നിറ്റ്സിലെ ഗവേഷകർ ട്രെയിനിൽ പാമ്പുകൾ കയറുന്നതിനെ പറ്റി സൂചിപ്പിച്ചിരിക്കുന്നത്.

2002നും 2024നും ഇടയിൽ കൊങ്കൺ റെയിൽവെ റൂട്ടിൽ ഓടുന്ന വിവിധ ട്രെയിനുകളിൽ നിന്നായി 47 രാജവെമ്പാലകളെയാണ് വനംവകുപ്പ് പിടിച്ചത്. ഇതിൽ 18 എണ്ണം വടക്കൻ ഗോവയിൽ നിന്നും 29 എണ്ണം തെക്കൻ ഗോവയിൽ നിന്നുമാണ്. റെയിൽവെ സ്റ്റേഷനുകൾക്കും യാർഡുകൾക്കും സമീപം ഇര തേടിയെത്തുന്ന പാമ്പുകൾ അബദ്ധത്തിൽ ട്രെയിനുകളിൽ കയറിക്കൂടുകയാണ് ചെയ്യുന്നത്.

സ്വന്തം പ്രയത്നത്താലല്ലാതെ മനുഷ്യൻ ഉണ്ടാക്കിയ സംവിധാനങ്ങളിലൂടെ പാമ്പുകൾ കിലോമീറ്ററുകളോളം യാത്ര ചെയ്യുന്നു. കാടുകളിൽ മാത്രം കണ്ടുവരുന്ന പാമ്പുകൾ ട്രെയിൻ വഴി നഗരപ്രദേശങ്ങളിലും ജനവാസ മേഖലകളിലും എത്തുന്നതായിട്ടാണ് ഗവേഷകർ കണ്ടെത്തിയത്. പശ്ചിമഘട്ടത്തിലുള്ള രാജവെമ്പാലകൾ സാധാരണയായി ഗോവ, കർണാടക, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. 13 അടി വരെ നീളം വയ്ക്കുന്ന ഇവ അതീവ വിഷമുള്ളവയാണ്. ട്രെയിനുകൾ വഴി ഇവ പുതിയ സ്ഥലങ്ങളിൽ എത്തുന്നത് പലതരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ജനവാസ മേഖലകളിൽ പാമ്പുകൾ എത്തുന്നത് മനുഷ്യർക്കും പാമ്പുകൾക്കും ഒരുപോലെ അപകടകരമാണ്. വ്യത്യസ്ത പ്രദേശങ്ങളിലുള്ള പാമ്പുകൾ തമ്മിൽ കലരുന്നത് വഴി അവയുടെ ജനിതക ഘടനയിൽ മാറ്റങ്ങൾ വരാം. ഇത് പരിസ്ഥിതിയുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ ബാധിച്ചേക്കാം.


ഈ പഠനം പാമ്പുകളെക്കുറിച്ചുള്ള ഭയം കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. റെയിൽവെ ട്രാക്കുകളിലൂടെയുള്ള പാമ്പുകളുടെ സഞ്ചാരം ഭക്ഷണത്തിനായുള്ള തിരച്ചിൽ മാത്രമാണെന്നും അവ മനുഷ്യരെ ആക്രമിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ജനങ്ങൾ മനസിലാക്കുന്നത് പാമ്പുകളെ തല്ലിക്കൊല്ലുന്ന പ്രവണത കുറയ്ക്കാൻ സഹായിക്കും.

TAGS: KINGCOBRA, WESTERNGHAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY