SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.43 PM IST

ഉദയപൂർവം റോഷൻ

Increase Font Size Decrease Font Size Print Page
ss

അരങ്ങേറ്റങ്ങൾ സൂപ്പർ ഹിറ്റാക്കും സംവിധായകൻ റോഷൻ ആൻഡ്രൂസ്.മലയാളത്തിൽ ആദ്യ സംരംഭം ഉദയനാണ് താരം. തമിഴിൽ 36 വയതിനിലെ, ബോളിവുഡിൽ ദേവ. റോഷന്റെ സൂപ്പർ ഹിറ്റായ ഹൗ ഒാർഡ് ആർയുവിന്റെ തമിഴ് പതിപ്പാണ് 36 വയതിനിലെ. മലയാളത്തിൽ മഞ്ജു വാര്യരും തമിഴിൽ ജ്യോതികയും ഈ ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തി. റോഷൻ ആൻഡ്രൂസിന്റെ തന്നെ മലയാള ചിത്രം മുംബൈ പൊലീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഷാഹിദ് കപൂർ നായകനായി ഒരുക്കിയ ദേവ സ്ഥിരം ബോളിവുഡ് സ്റ്റൈലിൽനിന്ന് മാറി നിന്നി. 21 വർഷത്തിനുശേഷം ഉദയനാണ് താരം റീ റിലീസ് ചെയ്ത പശ്ചാത്തലത്തിൽ റോഷൻ ആൻഡ്രൂസ് സംസാരിക്കുന്നു.

ഉദയനാണ് താരം റീ റിലീസ് ചെയ്യുമ്പോൾ അനുഭവപ്പെടുന്ന പ്രത്യേകത എന്ത് ?

സിനിമയിൽ വന്ന് ഇത്ര വർഷമായിട്ടും ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉദയഭാനു സ്വപ്നം കണ്ട പോലെ തന്നെ സിനിമ മോഹിച്ചു വന്ന സാധാരണ കുടുംബത്തിലെ ആളാണ് ഞാൻ. കഷ്ടപ്പെട്ടാൽ എല്ലാവർക്കും അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. തമിഴിൽ ആദ്യമായി സൂര്യ നിർമ്മിച്ച സിനിമ ചെയ്യാൻ സാധിച്ചു. അങ്ങനെ ഈ വർഷങ്ങൾക്കിടെ 13 സിനിമകൾ ചെയ്യാൻ സാധിച്ചു. അതിൽ വിജയിച്ചവയും പരാജയപ്പെട്ടവയും ഉണ്ട്. 10 സിനിമകൾ നല്ല രീതിയിൽ വിജയം നേടി. അതിനാൽ അവയെല്ലാം വലിയ നേട്ടങ്ങളായാണ് കരുതുന്നത്. ഈ നേട്ടങ്ങൾക്കെല്ലാം തുടക്കം ഉദയനാണ് താരം ആണ്. അതിനാൽ ഈ സിനിമ എനിക്ക് ഏറ്റവും വിലമതിക്കുന്നതാണ്. 21 വർഷത്തിൽ എത്തി നിൽക്കുമ്പോൾ എന്റെ കുടുംബത്തിനൊപ്പം എന്നെ കൈപ്പിടിച്ചുയർത്തിയ ഈ സിനിമ രണ്ടാമതും കാണാൻ പോകുമ്പോൾ വളരെ ആകാംക്ഷയാണ് . അതുപോലെ പുതിയ തലമുറ കാണുമ്പോൾ അവർക്കും അതൊരു പുതിയ അനുഭവമായിരിക്കുമെന്ന് കരുതുന്നു.

സിനിമയിൽ 21 വർഷത്തെ യാത്ര എങ്ങനെ നോക്കി കാണുന്നു ?

ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങി. എല്ലാം തന്നത് സിനിമയാണ്.അതാണ് ഏറ്റവും വലിയ സന്തോഷം. ഓരോ സിനിമയും എല്ലാ തരത്തിലും എന്നെ സഹായിച്ചിട്ടുണ്ട്. അത് വ്യക്തിപരമായും തൊഴിൽപരമായും. അതുക്കൊണ്ടുതന്നെ ഇഷ്ടപ്പെട്ട ജോലി സന്തോഷത്തോടുകൂടി ചെയ്യാൻ സാധിക്കുന്നു എന്നത് വളരെ അനുഗ്രഹമായി തോന്നുന്നു. ഈ 21 വർഷവും അതിൽ ഒരു മാറ്റവും വന്നില്ല. അതിന് എല്ലാ ഗുരുക്കന്മാരോടും നന്ദി പറയുന്നു. സിനിമയിൽ കയറിപ്പറ്റുക എന്നത് എല്ലാവരുടെയും ഏറ്റവും വലിയ ആഗ്രഹമാണ്. അതിനാൽ വരുംതലമുറയ്ക്ക് ഒരു പ്രചോദനമായിരിക്കും എന്റെ ജീവിതമെന്ന് കരുതുന്നു.

റോഷൻ ആൻഡ്രൂസ് ചിത്രങ്ങളിൽ ദൃശ്യ മികവിന് വലിയ പ്രാധാന്യം നൽകുന്നു ?

ഇമേജ് വഴി സിനിമയുടെ കഥ പറയാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ.ഒരു കഥ പറയാൻ ഓരോ ആളുകൾക്കും ഓരോ സ്രോതസ്സുകളാണ് . ഒരു സംഗീതജ് ഞൻ വാദ്യോപകരണത്തിലൂടെയാകും സംഗീതം ഉണ്ടാക്കുക, ചിത്രകാരന് ക്യാൻവാസും ബ്രഷും പെയിന്റുമാണ്,എഴുത്തുകാരന് പേനയും പേപ്പറും എന്ന് പറയുന്നതുപ്പോലെ സംവിധായകന് കഥ പറയാൻ ഉദ്ദേശിക്കുന്നത് ഇമേജസാണ്. അതിനാൽ ഓരോ സിനിമകൾക്കും ഇമേജസ് ഏറ്റവും പ്രാധാന്യം അർഹിക്കുന്നവയാണ്.

തമിഴിലും ഹിന്ദിയിലും ഒരു സിനിമയിൽ നിറുത്തുകയാണോ ?

രണ്ടു ഭാഷയിലും ഇനിയും സിനിമ ചെയ്യും. സംവിധായകൻ എന്ന നിലയിൽ നിരവധി ഭാഷകളിൽ ഒരു സിനിമ റീമേക്ക് ചെയ്യുക എന്നത് വളരെ വലിയ ഭാഗ്യമാണ്. അതിന്റെ ജോലിയിലാണ് ഇപ്പോൾ. അതിനുവേണ്ടി കൂടുതൽ സമയം ചെലവഴിക്കുന്നു. അതിനിടെ കുറച്ച് സമയം കുടുംബത്തിന് മാറ്രി വയ്ക്കാനാണ് തീരുമാനം. കാരണം കഴിഞ്ഞ രണ്ട് മൂന്ന് വർഷം മുംബയിൽ ആയിരുന്നു . നല്ല സിനിമകൾ ചെയ്യുക എന്നതാണ് ഇനിയും ഉദ്ദേശം.

പതിനാലാമത്തെ സിനിമ ഏതു ഭാഷയിൽ ആയിരിക്കും ?

അടുത്തത് ഹിന്ദി സിനിമയാണ് . ഈ വർഷംതന്നെ തുടങ്ങാനാണ് തീരുമാനം. മലയാളത്തിൽ രണ്ടു കഥാകൃത്തുക്കളുമായി ചർച്ചയിലാണ്. ഒന്നും തീരുമാനം ആയില്ല. രൂപരേഖ മാത്രമേ തയ്യാറായുള്ളൂ. ഇനി അത് വികസിച്ച് കഥ,തിരക്കഥ,സംഭാഷണം എന്നിവ തയ്യാറാക്കി കഴിയുമ്പോഴെ ഏത് നടൻ അഭിനയിക്കണം എന്ന തീരുമാനത്തിൽ എത്തൂ.

TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY