
ഓരോ വ്യക്തികളുടെയും ജീവിതത്തിൽ അമ്മയ്ക്കുള്ള സ്ഥാനം എത്ര വലുതാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായാലും മുഖ്യമന്ത്രി പിണറായി വിജയനായാലും അമ്മയെക്കുറിച്ചു പറയുമ്പോൾ നൂറു നാവാണ്. തങ്ങളുടെ ജീവിതത്തിൽ അമ്മ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് അവർ പങ്കുവച്ച അനുഭവ കഥകളെല്ലാം എത്ര ഹൃദയസ്പർശിയാണ്. തന്നെ വളർത്താൻ അമ്മ
അനുഭവിച്ച ബുദ്ധിമുട്ടുകൾ പ്രധാനമന്ത്രി മോദി പലപ്പോഴും പറഞ്ഞിട്ടുണ്ട്. താൻ പ്രധാനമന്ത്രിയായപ്പോഴും നാട്ടിൽ വളരെ ലളിതമായ ജീവിതമാണ് അമ്മ ഹീരാ ബെൻ നയിച്ചതെന്ന് വികാരവായ്പോടെയാണ് മോദി സംസാരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ യുവതലമുറയോട് തന്റെ പഠനകാലത്തെ ചില കാര്യങ്ങൾ പറയുകയുണ്ടായി.തന്റെ അമ്മ കല്യാണി ഒരു സാധാരണ സ്ത്രീയായിരുന്നുവെന്നും കോളേജിൽ താൻ പോകുമ്പോൾ ഉച്ചയ്ക്കു കഴിക്കാൻ ഒറട്ടി കൊടുത്തുവിടുമായിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. ചില ദിവസങ്ങളിൽ അതുണ്ടാവുകയില്ല.അന്ന് ഒന്നും കഴിക്കുകയില്ല. കേൾക്കുമ്പോൾ കണ്ണു നിറഞ്ഞു പോകുന്ന അനുഭവങ്ങൾ. തന്നെ പഠിപ്പിക്കണമെന്ന അദ്ധ്യാപകരുടെ നിർദ്ദേശങ്ങൾ എത്ര ബുദ്ധിമുട്ടു സഹിച്ചായാലും അമ്മ നിറവേറ്റി. പിൽക്കാലത്ത് മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടായപ്പോൾ പോലും കോളേജിൽ പോകുമ്പോൾ അമ്മ കൊടുത്തുവിട്ട ആ ഒറട്ടിയുടെ രുചി അദ്ദേഹത്തിന്റെ നാവിൽ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല.
അമ്മ ഒരു വികാരമാണ്.പകരം വയ്ക്കാനാവാത്ത സ്നേഹമാണ് .
ഒരു മകൾക്ക് അമ്മയെ കുറിച്ച് എഴുതുന്നത് എളുപ്പമല്ല.
അമ്മ ഒരു നിശ്ശബ്ദ പ്രാർത്ഥനയാണ് .കൊല്ലത്തിന്റെ മണ്ണിൽ പിറന്ന പ്രണയത്തിന്റെ അനുഗ്രഹമായിരുന്നു അമ്മയുടെ ജീവിതം. കൊല്ലം എസ്.എൻ. കോളേജിൽ അദ്ധ്യാപകനായിരുന്ന അച്ഛൻ ജഗന്നാഥ പണിക്കരോടുള്ള ബഹുമാനത്തിലാണ് ആ ബന്ധത്തിന്റെ തുടക്കം.ബഹുമാനം ആരാധനയായി; പ്രണയമായി; ഒടുവിൽ അത് വിവാഹമായി . അച്ഛന്റെ ജീവിതയാത്രയിൽ നിശ്ശബ്ദ കരുത്തായി നിന്നത് അമ്മയായിരുന്നു. ആദ്യമകൻ ശിവജി. രണ്ടാമത്തേത് ഞാൻ.
ഞങ്ങളെ രണ്ടുപേരെയും അമ്മ വളർത്തിയത് സ്നേഹവും ശാസനയും ചേർന്ന സമത്വത്തിൽ. പക്ഷേ അമ്മയുടെ മാതൃത്വം അവിടെഅവസാനിച്ചില്ല. എന്റെ അഞ്ചു മക്കളെയും,ശിവജിയുടെ മൂന്നു മക്കളെയും —എല്ലാവരെയും അമ്മ അതീവ സ്നേഹത്തോടെ വളർത്തി. ഓരോരുത്തരുടെയും ജീവിതഘട്ടങ്ങളിൽ അമ്മ നിറസാന്നിധ്യമായിരുന്നു.
ആദ്യം പഠനത്തിൽ പ്രോത്സാഹനം,പ്രതിസന്ധികളിൽ ധൈര്യം, വിജയങ്ങളിൽ അഭിമാനം,സംശയങ്ങളിൽ വഴികാട്ടൽ.
അവരുടെ ഓരോ നേട്ടത്തിലും അമ്മയുടെ പ്രാർത്ഥന ഉണ്ടായിരുന്നു.അമ്മ ഒരിക്കലും ഒരു തലമുറയിൽ ഒതുങ്ങിയിരുന്നില്ല;
അമ്മയുടെ സ്നേഹം ഒരു വൃക്ഷത്തിന്റെ തണൽപോലെ വ്യാപിച്ചിരുന്നു.പി.ആർ. ഭവനത്തിലെ ഭക്തിയും മാരിയമ്മന്റെ മുമ്പിലെ പ്രാർത്ഥനകളും എറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ സേവനവും —അമ്മയുടെ ആത്മീയ അടിത്തറയായിരുന്നു.
അസിസ്റ്റന്റ് കമ്മീഷണറിൽ നിന്ന് ദേവസ്വം കമ്മീഷണർ വരെയുള്ള ഉയർച്ചകൾ അമ്മയെ മാറ്റിയില്ല. കിട്ടുന്ന ശമ്പളം പലപ്പോഴും സ്വന്തം ആവശ്യങ്ങൾക്കല്ല, മറ്റുള്ളവർക്കായി നൽകി. അച്ഛൻ അമ്മയെ സ്നേഹിച്ചതിന്റെ ആഴം കണ്ടവളാണ് ഞാൻ.അത് പ്രകടനങ്ങളില്ലാത്ത, പക്ഷേ ഉറച്ച വിശ്വാസത്തിന്റെ ബന്ധം. എന്റെ ഭർത്താവ് ജി. മോഹൻദാസ് അച്ഛനോടും അമ്മയോടും പുലർത്തിയ ആദരവും സ്നേഹവും ഈ ബന്ധത്തിന്റെ തുടർച്ചയായി മാറി. മരുമകനെന്ന അതിർത്തി മറികടന്ന്, മകനായി തന്നെയാണ് അദ്ദേഹം പെരുമാറിയത്.
അമ്മയുടെ ജീവിതം പുറമേ സാധാരണമായിരുന്നു. പക്ഷേ അകത്ത് അത് അസാധാരണമായ പ്രകാശം. സ്നേഹത്തിന്റെ നിലാവ്. ഭക്തിയുടെ ദീപം.കുടുംബത്തിന്റെ ഉറച്ച അടിത്തറ. ഇന്ന് അമ്മ ശാരീരികമായി ഇല്ലെങ്കിലും, അമ്മയുടെ സ്നേഹം തലമുറകളിലൂടെ ഒഴുകുന്നു..അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ ജീവിതങ്ങളിലുടനീളം തുടരുകയാണ്.
( മോഹൻ ദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി
സെക്രട്ടറിയാണ് ലേഖിക )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |