
തിരുവല്ല:സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവിൽ ആന്റോ ആന്റണി എം.പിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണത്തിന് ശബരിമല സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു.കോടികളുടെ ഇടപാട് നടന്നെന്ന വെളിപ്പെടുത്തൽ എം.പിയുടെ ദുരൂഹ പണം ഇടപാടുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.രണ്ടുകോടി രൂപ കൈപ്പറ്റിയതിന് പകരം എന്ത് വഴിവിട്ട സഹായമാണ് ചെയ്തതെന്ന് വ്യക്തമാക്കണം.തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയതാണെന്ന എം.പിയുടെ വാദവും ദുരൂഹമാണ്.തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും അഴിമതിയുടെ ഒരംശം മാത്രമാണ് പുറത്തുവന്നതെന്നും അനൂപ് ആന്റണി പ്രസ്താവനയിൽ പറഞ്ഞു.
സ്വർണക്കൊള്ളക്കേസ്
എസ്.ഐ.ടി വളച്ചൊടിക്കുന്നു :
അടൂർ പ്രകാശ്
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കേസിനെ മറ്റു പല രീതിയിലും വളച്ചൊടിക്കാൻ ശ്രമിക്കുന്നുവെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.
തന്നെ ചോദ്യംചെയ്യാനല്ല വിളിപ്പിച്ചത്. മൊഴിയെടുക്കാനാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ഫോട്ടോയെപ്പറ്റി ചോദിച്ചു. ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറഞ്ഞു. മാദ്ധ്യമങ്ങൾ പല കഥകൾ സൃഷ്ടിക്കുന്നു. പോറ്റിക്കൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്തെന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു. അത് സത്യമല്ല. ഇതൊന്നും കണ്ട് ഒളിച്ചോടില്ല. ഇല്ലാത്ത വാർത്തകൾ സൃഷ്ടിച്ച് ആടിനെ പട്ടിയാക്കുന്ന കാലമാണ്. സർക്കാർ അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ചില പ്രത്യേക ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ നിയമിച്ചിട്ടുണ്ട്. ഇവരാണ് യു.ഡി.എഫ് നേതാക്കളെ കൂടി ബന്ധപ്പെടുത്തി വാർത്തകൾ പ്രചരിപ്പിക്കുന്നത്. ആ ഉദ്യോഗസ്ഥരുടെ പേരുകൾ ഏറെ വൈകാതെ പുറത്തു പറയും. പലരും എന്റെ കൂടെ ചിത്രമെടുക്കാറുണ്ട്. ഞാൻ ആരുടെയും കൈ തട്ടിമാറ്റാറില്ല. എസ്.ഐ.ടിയിൽ ചില ഉദ്യോഗസ്ഥരെ തിരുകിക്കയറ്റിയതിലൂടെ കേസിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |