
മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഒന്നാണ് മക്രാമെ. വിദേശത്ത് നിരവധി ആരാധകരുള്ള ഈ നൂൽവിദ്യയിൽ കേരളത്തിൽ തിളങ്ങി നിൽക്കുന്ന തിരുവനന്തപുരം സ്വദേശിയാണ് ഗംഗ മിനി പണിക്കർ (31). പതിമൂന്നാം നൂറ്റാണ്ടിലെ അറബിക് നെയ്ത്തുകാരിൽ നിന്നാണ് മക്രാമെ എന്ന നൂൽവിദ്യ പ്രശസ്തമായത്. നൂലുകൾ പല തരത്തിൽ കുരുക്കുകളിടുന്ന കലയാണ് ഇത്. ഹരി എൻ പണിക്കരുടെയും മിനി മാധവിന്റെയും മകളായ ഗംഗ 2018 മുതലാണ് ഇത്തരമൊരു ബിസിനസിലേക്ക് ഇറങ്ങുന്നത്. നൂലുകൾ കൊണ്ട് ചെയ്ത വീട് അലങ്കരിക്കുന്ന വസ്തുക്കൾ മുതൽ ആഭരണങ്ങൾ വരെ ഗംഗ വിൽപനനടത്തുന്നുണ്ട്. കെെകൊണ്ടാണ് ഓരോന്നും നിർമ്മിക്കുന്നത്. ആർക്കിടെക്കായ ഗംഗ മക്രാമെയിലേക്ക് തിരിഞ്ഞ തന്റെ അനുഭവങ്ങൾ കേരളകൗമുദി ഓൺലെെനിനോട് പങ്കുവയ്ക്കുന്നു.

തുടക്കം 2018ൽ
2018ലാണ് ഇത്തരം ക്രാഫ്റ്റുകൾ ചെയ്യാൻ തുടങ്ങിയത്. 'മിനി ഡിഐവെെ ക്രിയേറ്റീവ് സ്റ്റുഡിയോ' എന്നാണ് ഈ സംരംഭത്തിന്റെ പേര്. അമ്മയുടെ ഓർമ്മയ്ക്കാണ് ഇത്തരമൊരു പേര് നൽകിയത്. അമ്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി അങ്ങനെയാണ് ഇത് തുടങ്ങുന്നത്. പണ്ടുമുതലെ എനിക്ക് ക്രാഫ്റ്റുകൾ ചെയ്യുന്നത് വളരെ ഇഷ്ടമായിരുന്നു. അങ്ങനെയാണ് സോഷ്യൽ മീഡിയയിൽ ഇത്തരമൊരു പേജ് തുടങ്ങി ക്രാഫ്റ്റ് വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്.

അത് പതുക്കെ പേപ്പർ കൂടകളിലേക്ക് (basket വരെ എത്തി. വെള്ളം നനഞ്ഞാലും നശിക്കാത്ത കൂടകളാണ് ഞാൻ തയ്യാറാക്കിയിരുന്നത്. ഇതിലൂടെയാണ് കൂടുതൽ ആളുകൾ എന്റെ സ്റ്റുഡിയോയെ അറിഞ്ഞ് തുടങ്ങിയത്. ഈ പേപ്പർ കൂടകൾ വിൽപനയും നടത്തിയിരുന്നു. അതിനുശേഷമാണ് ഇത് ഒരു ബിസിനസായി സ്റ്റാർട്ട് ചെയ്യാൻ തിരുമാനിച്ചത്.

മക്രാമെ പഠിച്ചത് യൂട്യൂബിൽ നിന്ന്
2020ൽ ഞാൻ ക്രാഫ്റ്റ് വച്ച് എന്റെ ആദ്യ എക്സിബിഷൻ ചെയ്തു. 2020ലാണ് ആദ്യമായി മക്രാമെ ചെയ്ത് തുടങ്ങിയത്. മക്രാമെ പൂർണമായും കോട്ടൻ നൂൽ ഉപയോഗിച്ച് ചെയ്യുന്ന ഒന്നാണ്. ആ സമയത്ത് ഇതിന്റെ സാധനങ്ങൾ അധികം ഇവിടെ ലഭ്യമായിരുന്നില്ല. യൂട്യൂബിലൂടെയാണ് ഞാൻ മക്രാമെ പഠിക്കാൻ തുടങ്ങിയത്. പഴയ ടീഷർട്ടിനെ കട്ട് ചെയ്ത് നൂലാക്കി ഇവിടെ കിട്ടുന്ന തടികഷ്ണങ്ങൾ എല്ലാം ഉപയോഗിച്ചാണ് ആദ്യം പഠിക്കാൻ ശ്രമിച്ചത്. വിദേശ വീഡിയോകൾ കണ്ടാണ് പഠിച്ചത്.

കാരണം കേരളത്തിലും ഇന്ത്യയിലെ മറ്റ് ഒരു സ്ഥലത്തും ഇത് ആ സമയത്ത് അത്ര പ്രശസ്തമായിരുന്നില്ല. 2020ൽ ഓൺലെെനായി ഈ കലാരൂപം പഠിപ്പിച്ച് കൊടുക്കാൻ എനിക്ക് കഴിഞ്ഞു. പിന്നാലെ മക്രാമെയിലൂടെ ചെയ്ത വസ്തുക്കൾ വിൽക്കാൻ തുടങ്ങി. ഇൻസ്റ്റഗ്രാം വഴിയാണ് വിൽപ്പന കൂടുതലായി നടത്തിയത്. പൂർണമായും കോട്ടൺ നൂൽ ഉപയോഗിച്ച് അലങ്കാരവസ്തുക്കൾ, ആഭരണങ്ങൾ, മാറ്റ് എന്നിവ ഉണ്ടാക്കി വിൽപന നടത്താൻ തുടങ്ങി. മക്രാമെ ഇപ്പോൾ ഫാഷൻ ലോകത്തും കടന്നുകൂടിയിട്ടുണ്ട്.

മൈക്രോ മാക്രാമെ
2023 മുതലാണ് മെെക്രാേ മാക്രമെ ചെയ്ത് തുടങ്ങിയത്. മക്രാമെയുടെ മറ്റൊരു രൂപമാണെങ്കിൽ ഇത് ചെയ്യാൻ വളരെ പ്രയാസമാണ്. വളരെ ചെറിയ വാക്സ് കോട്ടൻ നൂൽ ഉപയോഗിച്ചാണ് മെെക്രാേ മാക്രാമെ ചെയ്യുന്നത്. 'semi precious gemstones' ഉം ഇതിൽ ഉപയോഗിക്കാറുണ്ട്. മെെക്രാേ മാക്രമെയും യൂട്യൂബ് നോക്കിയാണ് പഠിച്ചത്. പഠിച്ച ഉടനെ ബിസിനസിലേക്ക് ഇറങ്ങിയതല്ല. ഇതിനെക്കുറിച്ച് നല്ലപോലെ മനസിലാക്കി കുറെ നാൾ പഠിച്ചശേഷമാണ് ബിസിനസ് സ്റ്റാർട്ട് ചെയ്തത്.

മെെക്രോ മാക്രാമെയാണ് ഇപ്പോൾ കൂടുതൽ ചെയ്യുന്നത്. ഇത് പുരുഷന്മാർക്കും സ്ത്രീകൾക്കും ധരിക്കാം. ആഭരണങ്ങളാണ് ഇതിൽ കൂടുതലും. മെെക്രോ മാക്രാമെ ഇപ്പോൾ ഞാൻ തന്നെ ഡിസെെൻ ചെയ്യാനുണ്ട്. 2025 ജൂണിൽ 'MINI MINE JEWELS' എന്ന പേരിൽ ഒരു ബ്രാൻഡ് സ്റ്റാർട്ട് ചെയ്തു. മെെക്രാേ മാക്രമെയിൽ ചെയ്യുന്ന ആഭരണങ്ങളാണ് അതിൽ ഉള്ളത്. മാക്രാമെ വർക്ക്ഷോപ്പ് നടത്താറുണ്ട്. താൽപര്യമുള്ളവർക്ക് ഇത് പഠിപ്പിച്ചുകൊടുക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |