SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.52 PM IST

ഗുരുവായൂർ റസ്റ്റ് ഹൗസുകളുടെ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ്; പ്രതി പിടിയിൽ

Increase Font Size Decrease Font Size Print Page
muhammed-shan

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരെ ലക്ഷ്യമിട്ട് 'പാഞ്ചജന്യം', 'കൗസ്തുഭം' റസ്റ്റ് ഹൗസുകളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് ഓൺലൈൻ വഴി പണം തട്ടിയെടുക്കുന്ന കേസിലെ പ്രതി പിടിയിൽ. ഹരിയാന മേവാത് സ്വദേശിയായ മുഹമ്മദ് ഷാനാണ് (24) സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്. ഉത്തർ പ്രദേശിലെ ഡാങ്കറിൽ നിന്നും പിടികൂടിയ പ്രതിയിൽ നിന്ന് വ്യാജ വെബ് സൈറ്റ് നിർമ്മിക്കാനുപയോഗിച്ച ലാപ് ടോപ്പ്, മൊബൈൽ ഫോൺ, മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. രാജ്യത്തെ പ്രസിദ്ധ ക്ഷേത്രങ്ങളുടെ സമീപത്തുള്ള റസ്റ്റ് ഹൗസുകളുടെ പേരിൽ വ്യാജ വെബ് സൈറ്റുകൾ സൃഷ്ടിച്ച് സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി പ്രാഥമിക ചോദ്യം ചെയ്യലിൽ തെളിഞ്ഞു. കൂട്ടാളികളായ രാജസ്ഥാൻ, ഹരിയാന സ്വദേശികളെ പൊലീസ് അന്വേഷിച്ചുവരികയാണ്. ചെറിയ തുകയേ നഷ്ടപ്പെടുന്നുള്ളൂ എന്നതിനാൽ പലരും പരാതി നൽകിയിരുന്നില്ല. തട്ടിപ്പിന് ഉപയോഗിച്ച അക്കൗണ്ടിൽ 15 ദിവസത്തിനകം 97 ലക്ഷം രൂപയാണ് എത്തിയിരുന്നത്. തട്ടിപ്പിൽ നിന്നാകെ കോടിക്കണക്കിന് രൂപ ലഭിച്ചിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂട്ടുപ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.എസ്.സുധീഷ് കുമാർ, സീനിയർ സി.പി.ഒമാരായ വിനോദ് എൻ.ശങ്കർ, എം.എസ്.ഷിനിത്ത്, സി.പി.ഒമാരായ കെ.അനീഷ്, എം.പി.ശരത്ത് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY