
തിരുവനന്തപുരം: എ ക്ലാസ് മീനുകൾ മാത്രമേ മുഖ്യമന്ത്രി പിണറായി വിജയൻ കഴിക്കൂ എന്നും
ചൂരമീൻ ഇഷ്ടമില്ലാത്തതിനാൽ ഭക്ഷണം കഴിക്കാതെ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ നിന്ന് മടങ്ങിയെന്നുമുള്ള സി.പി.ഐ നേതാവ് സി. ദിവാകരന്റെ പരാമർശം കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു. ചൂര ഒരു ചെറിയ മീനല്ലെന്നും പോഷക സമൃദ്ധമായ ഒരു കടൽ മീനാണെന്നും വിശദമാക്കുകയാണ് ആരോഗ്യ വിദഗ്ദ്ധനായ ഡോ,എസ്.എസ്. ലാൽ. ട്യൂണ എന്നാണ് ഇംഗ്ലീഷിൽ ചൂര അറിയപ്പെടുന്നത്. ഇതിൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ,വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ഡോ. ലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മസ്തിഷ്‌കത്തിന്റെ പ്രവർത്തനം പിന്തുണയ്ക്കാനും ട്യൂണ സഹായിക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ഇത് സാധാരണയായി ലഭിക്കുന്നതിനാൽ, ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാൻ എളുപ്പവുമാണ്. ജപ്പാൻ, മാലിദ്വീപ്, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ചൂര വളരെ ജനപ്രിയമായ ഭക്ഷണമാണ്. അതുപോലെ തന്നെ അമേരിക്കയിലും യൂറോപ്പിലുമുള്ള പല രാജ്യങ്ങളിലും ടിന്നിൽ ലഭിക്കുന്ന ട്യൂണ സാധാരണമായി ഉപയോഗിക്കുന്ന ഒരു ഭക്ഷണമാണ്. സാലഡുകൾ, സാൻഡ്‌വിച്ചുകൾ, പാസ്ത തുടങ്ങിയ വിഭവങ്ങളിൽ ചൂര ഉപയോഗിക്കപ്പെടുന്നു. സുഷി പോലുള്ള വിലകൂടിയ വിഭവങ്ങളിൽ ഉപയോഗിക്കുന്ന ഉയർന്ന നിലവാരത്തിലുള്ള ചൂര ലോകത്തിലെ സമ്പന്നരായ ആളുകളും ഏറെ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളിലൊന്നാണെന്നും ലാൽ ചൂണ്ടിക്കാട്ടി, അതിനാൽ ചൂര സമ്പന്നർ വെറുക്കുന്ന ഭക്ഷണമല്ല. ചിലർക്ക് ഇതിന്റെ രുചിയോ മണിയോ ഇഷ്ടമാകാതിരിക്കാം, എന്നാൽ അതിന്റെ ആരോഗ്യഗുണങ്ങളും പോഷകമൂല്യവും പരിഗണിക്കുമ്പോൾ ചൂരയെ വെറുക്കേണ്ടതില്ല. ശരിയായ രീതിയിൽ പാചകം ചെയ്താൽ ഇത് രുചികരവും ആരോഗ്യകരവുമായ ഒരു ഭക്ഷണമായി മാറുമെന്നും അദ്ദേഹം പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |