കോഴിക്കോട്: സ്വന്തം കുടുംബത്തിൽ നടന്ന മരണങ്ങളെ കുറിച്ച് സംശയം തോന്നിത്തുടങ്ങിയത് പിണറായിയിലെ സൗമ്യ നടത്തിയ കൂട്ടക്കൊലപാതകത്തിന്റെ വാർത്തകൾ വായിച്ചപ്പോഴാണെന്ന് കൂടത്തായി കൊലകേസിൽ പരാതിക്കാരനായ റോജോ തോമസ് പറഞ്ഞു. റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ടു ജോളി പറഞ്ഞ കാര്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വസ്തുതകളും തമ്മിൽ വൈരുധ്യങ്ങളുണ്ടായിരുന്നു. ഇക്കാര്യം രഞ്ജിയുമായി ചർച്ച ചെയ്തതിന് ശേഷം പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് കരുതുന്നത് എന്നും റോജോ പറഞ്ഞു.
ദൈവത്തിന്റെ കൃപയാലാണ് താനും സഹോദരങ്ങളും മക്കളും രക്ഷപ്പെട്ടത്. ജോളി ഇപ്പോഴും പിടിയിലായിരുന്നില്ലെങ്കിൽ കൂടുതൽ കൊലപാതകങ്ങൾ നടക്കുമായിരുന്നു. ജോളിയുടെ ഫോൺ രേഖകൾ പരിശോധിച്ചാൻ അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും റോജോ പറഞ്ഞു. അതേസമയം, റോജോയുടെയും സഹോദരി രഞ്ജിയുടെയും മൊഴിയെടുപ്പ് പൂർത്തിയായി.
അതേസമയം, മുഖ്യ പ്രതിയായ ജോളിയുടെ ഉറ്റ സുഹൃത്ത് റാണിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. റാണിക്ക് ജോളിയുമായി അടുത്ത ബന്ധമാണെന്നും പൊലീസ് പറയുന്നു. എൻ.ഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന ഇവരെചോദ്യം ചെയ്താൽ ജോളിയുടെ എൻ.ഐടി ജീവിതത്തെ കുറിച്ച് വ്യക്തമായ തെളിവുകൾ കിട്ടുമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് പിടിച്ചെടുത്ത ജോളിയുടെ മൊബൈൽ ഫോണിൽ നിന്നാണ് റാണിയെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്. റാണിയെക്കുറിച്ചുള്ള ഒരു വിവരവും നൽകാൻ ജോളി തയാറായിട്ടില്ല. തയ്യൽക്കട ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ വർഷം മാർച്ചിൽ എൻ.ഐ.ടിയിൽ നടന്ന രാഗം കലോത്സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എൻ.ഐ.ടി തിരിച്ചറിയൽ കാർഡ് ധരിച്ച ജോളിക്കൊപ്പം യുവതി നിൽക്കുന്ന ചിത്രങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |