തിരുവനന്തപുരം: എം.ജി.സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്റെ വാദങ്ങൾ പൊളിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ.ഷറഫുദ്ദീൻ സർവകലാശാലയിൽ നടന്ന അദാലത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി തന്റെ പ്രൈവറ്റ് സെക്രട്ടറി മടങ്ങിയെന്നായിരുന്നു ജലീലിന്റെ വാദം. എന്നാൽ, സർവകലാശാല ഉദ്യോഗസ്ഥരുമായും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായും ഇയാൾ ആശയ വിനിമയം നടത്തുന്നതും വീഡിയോയിലുണ്ട്. മന്ത്രിയുടെ പ്രെെവറ്റ് സെക്രട്ടറി അദാലത്തിൽ മുഴുവൻ സമയവും പങ്കെടുത്തു.
അതേസമയം, മാർക്ക് ദാന വിവാദത്തിൽ താനോ തന്റെ ഓഫീസോ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി കെ.ടി.ജലീൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇടപെട്ടതിന് തെളിവുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവ ഹാജരാക്കണമെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക സർവകലാശാലയുടെ അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും മിനുട്സിൽ ഒപ്പിട്ടു എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഒപ്പിട്ട രേഖ പ്രതിപക്ഷ നേതാവ് കാണിച്ചു തരാമോ? പങ്കെടുത്തവരുടെ പട്ടികയിൽ പ്രൈവറ്റ് സെക്രട്ടറിയുടെ പേരുണ്ടെങ്കിലും രേഖയിൽ ഒപ്പിട്ടിട്ടില്ല. സർവകലാശാലകളിൽ വി.സിമാരുടെ നേതൃത്വത്തിൽ മൂന്നു മാസത്തിലൊരിക്കൽ നടത്തുന്ന അദാലത്തുകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |