തിരുവനന്തപുരം: ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പലിന് മറുപടിയുമായി സാമൂഹ്യസുരക്ഷാ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അഷീൽ രംഗത്തെത്തി. ചാരിറ്റി പ്രവർത്തനത്തിന്റെ പേരിൽ സ്വരൂപിച്ച പണത്തിന്റെ കണക്കുകൾ ജനങ്ങളെ കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പണം ആർക്ക് കൊടുത്തെന്നും എന്തുകൊണ്ട് സെൻട്രലെെസിഡ് അക്കൗണ്ടിൽ പണം നിക്ഷേപിച്ചില്ലെന്നും അഷീൽ ചോദിച്ചു. ഫേസ്ബുക്ക് വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"വിദേശത്തു നിന്നുള്ള സാഹയം നൽകുന്നതിനായി കേന്ദ്ര ആഭ്യന്ത്ര വകുപ്പിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വേണം. തന്നെ ഗുണ്ടാസംഘങ്ങൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വെട്ടുകിളി ആക്രമണം പുലർച്ചവരെയുണ്ടായി. കിഡ്നി മാറ്റിവയ്‌ക്കലിന് മിനിമം 25 ലക്ഷം വേണമെന്നാണ് ഫിറോസ് പറയുന്നത്. 3 ലക്ഷം രൂപയ്ക്ക് കിഡ്നി മാറ്റിവയ്ക്കൽ സാമൂഹ്യ സുരക്ഷാ വകുപ്പ് നടത്തിത്തരും.
ഫിറോസ് കള്ളനാണെന്നും കൊള്ളക്കാരനാണെന്നും പറഞ്ഞിട്ടില്ല. ഇന്നലെ നിങ്ങൾ ഉന്നയിച്ച ഈ കറങ്ങുന്ന കസേര എന്റെതല്ല. സർക്കാരിന്റേതാണ്. കാറും വാങ്ങിച്ചതല്ല. ഇതൊന്നും സ്വന്തമല്ല. അദ്ധ്വാനിച്ച് പഠിച്ചാണ് ഇവിടെയെത്തിയത്. കേരള കൗമുദിയിൽ ആറ് മാസം മുമ്പാണ് കഴിഞ്ഞ ദിവസം പറഞ്ഞ ഒരു കുട്ടിയുടെ സഹായത്തിനായുള്ള വാർത്ത പ്രസിദ്ധീകരിച്ചത്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ബുദ്ധിമുട്ടുണ്ട്. നിങ്ങൾ ചാരിറ്റി പ്രവർത്തനം നിറുത്തുകയാണെന്ന് പറഞ്ഞു. പക്ഷെ, ചാരിറ്റി കൊടുത്തവരേക്കാൾ കൂടുതൽ ഗുണം കിട്ടിയത് നിങ്ങൾക്കാണ്. ഫിറോസ് അങ്ങനൊന്നും ചാരിറ്റി പ്രവർത്തനം നിറുത്തില്ല. സ്വയം നന്മമരമെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല. ഒട്ടേറെ നല്ല ന്മമരങ്ങൾ നാട്ടിലുണ്ട്, അവരാണ് യഥാർത്ഥ നന്മമരങ്ങൾ"-അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |