
മലപ്പുറം: ഗുണനിലവാരം കുറഞ്ഞ മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും സംസ്ഥാനത്ത് യഥേഷ്ടം വിൽക്കുമ്പോൾ പരിശോധന നടത്താൻ ആകെയുള്ളത് 47 ഡ്രഗ് ഇൻസ്‌പെക്ടർമാർ മാത്രം. ജീവനക്കാരുടെ കുറവുമൂലം പ്രതിമാസം ആയിരത്തോളം സാമ്പിളുകൾ മാത്രമാണ് പരിശോധനയ്കായി ശേഖരിക്കാനാകുന്നത്.
വിവിധ കമ്പനികളുടെ രണ്ടരലക്ഷത്തോളം ബാച്ച് മരുന്നുകൾ പ്രതിവർഷം കേരളത്തിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. 15,000 കോടിയോളം രൂപയുടെ വില്പനയും പ്രതിവർഷം നടക്കുന്നുണ്ട്.
മരുന്നുകളിൽ 98%വും അന്യസംസ്ഥാനങ്ങളിൽ നിർമ്മിക്കുന്നവയാണ്. 15 ഡ്രഗ് ഇൻസ്‌പെക്ടർമാരുടെ തസ്തിക ഉടൻ സൃഷ്ടിക്കണമെന്ന് 2013ൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.
അടിയന്തരമായി പത്ത് ഡ്രഗ് ഇൻസ്‌പെക്ടർമാരുടെയും രണ്ട് റീജിയണൽ ഇൻസ്‌പെക്ടർമാരുടെയും തസ്തിക സൃഷ്ടിക്കണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ നിർദ്ദേശവും ഫയലിലൊതുങ്ങി. 1998ന് ശേഷം തസ്തിക സൃഷ്ടിച്ചിട്ടില്ല. ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്സ് ആക്ട് പ്രകാരം ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളിലും വർഷത്തിലൊരിക്കലെങ്കിലും ഡ്രഗ് ഇൻസ്‌പെക്ടർ പരിശോധന നടത്തണം.
ഹോമിയോ, അലോപ്പതി സ്റ്റോറുകൾ, സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണം എന്നിവയ്ക്കുള്ള ലൈസൻസ് അനുവദിക്കലും തുടർപരിശോധനയും ഇവരുടെ അധികാരപരിധിയിലാണ്. മെഡിക്കൽ ഉപകരണ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ, ബ്ലഡ് ബാങ്ക്, സ്‌റ്റോറേജ് യൂണിറ്റുകളുടെ ലൈസൻസ്, കോടതി ഡ്യൂട്ടി എന്നിവയും നോക്കണം.
ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ, കഫ് സിറപ്പ്, ലൈംഗികോത്തേജന മരുന്നുകൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവയിലാണ് ഗുണനിലവാരം കുറഞ്ഞതും വ്യാജന്മാരും കൂടുതലുള്ളത്.
മൂന്നു താലൂക്കിന്
ഒരു ഇൻസ്‌പെക്ടർ
1. ഒരു ഡ്രഗ് ഇൻസ്‌പെക്ടർക്ക് നിലവിൽ മൂന്ന് താലൂക്കുകളുടെവരെ ചുമതലയുണ്ട്. രണ്ട് ഇൻസ്‌പെക്ടർമാർക്ക് ഒരുവാഹനം മാത്രം
2. മായം ചേർന്നതും നിലവാരമില്ലാത്തതുമായ മരുന്നുകൾ കണ്ടെത്തി നടപടിയെടുക്കുക, കേന്ദ്ര സർക്കാർ നിരോധിക്കുന്ന മരുന്നുകൾ വിപണിയിൽ നിന്ന് പിൻവലിപ്പിക്കുക, മരുന്നുകളുടെ വില നിയന്ത്രണം ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന ചുമതലകൾ.
3. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോന്നി എന്നിവിടങ്ങളിൽ മരുന്ന് പരിശോധന ലാബുണ്ട്. ആകെ 57 അനലിസ്റ്റ് തസ്തിക മാത്രമുള്ളതിനാൽ സമയബന്ധിതമായി പരിശോധന പൂർത്തിയാക്കാനാവില്ല.
15,000 കോടി
പ്രതിവർഷം മരുന്നു വില്പന
1,500 കോടി
സൗന്ദര്യവസ്തുക്കളുടെ വില്പന
2.5 ലക്ഷം ബാച്ച്
പ്രതിവർഷം വില്പനയ്ക്ക് എത്തുന്നത്
29,000
മെഡി. സ്‌റ്റോറുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |