
തിരുവനന്തപുരം: ''മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം'' എന്ന ഈരടി കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് വരുന്നൊരു കവി നാമമുണ്ട് മുരുകൻ കാട്ടാക്കട.''എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം...'' എന്ന വരികളോടെ ആരംഭിക്കുന്ന 'കണ്ണട' എന്ന കവിതയ്ക്ക് 25 വയസ്.
'കണ്ണട'യുടെ രജത ജൂബിലി ആഘോഷത്തിന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ് തിരി തെളിച്ചത്. കണ്ണട പിറന്ന കാട്ടാക്കടയിലെ റൈസിംഗ് സ്റ്റാർ ഗ്രന്ഥശാല വജ്ര ജൂബിലി ആഘോഷവും ആരംഭിച്ചു.'25 വർഷത്തിനു മുമ്പ് കവിതയ്ക്കുണ്ടായിരുന്ന പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല . കവിതയുടെ 25-ാം വയസ് കൊണ്ടാടണമെന്ന് എന്റെ നാട്ടുകാരും വായനശാലയും സുഹൃത്തുക്കളും ആഗ്രഹിച്ചതു കൊണ്ടാണ് ആഘോഷം''- മുരുകൻ കാട്ടാക്കട പറഞ്ഞു
കണ്ണട എഴുതാനുള്ള സാഹചര്യം?
എനിക്കു ചുറ്റുമുള്ള സമൂഹത്തിന്റെ വേദനകളും ദുരവസ്ഥകളുമാണ് പ്രചോദനമായത്. സമത്വത്തിലധിഷ്ഠിതമായ സമൂഹമാവണം നമ്മടേതെന്ന ആശാവഹമായ കാഴ്ചപ്പാടും ആ കവിതയിലൂടെ വിളംബരം ചെയ്യുന്നു. അന്നെന്നെ വ്യാകുലപ്പെടുത്തിയിരുന്ന ആസുരഭാവങ്ങൾ പൂർവാധികം ശക്തിയോടെ സമൂഹത്തിൽ ഇന്നും പിടിമുറുക്കുന്നു.
'രേണുക' എഴുതാനുള്ള സാഹചര്യം?
പ്രണയ വിരഹ ദുഃഖത്തെ സംബന്ധിച്ച കവിതയാണ് 'രേണുക'.പ്രണയം ഏറ്റവും മനോഹരമാകുന്നത് അത് നഷ്ടപ്പെടുമ്പോഴാണ്. ഒരു കവിക്കാണ് പ്രണയം നഷ്ടപ്പെടുന്നതെങ്കിൽ മനോഹരമായ കവിതയുണ്ടാകും ചിത്രകാരനാണെങ്കിൽ മനോഹരമായ ചിത്രം ജന്മമെടുക്കും സംഗീതജ്ഞനാണെങ്കിൽ മികച്ച സംഗീതം പിറക്കും.
മനോഹരമായ സിനിമാ ഗാനങ്ങളും ?
. പുലിമുരുകൻ എന്ന സിനിമയ്ക്കു വേണ്ടി എഴുതിയ മാനത്തെ മാരിക്കുരുമ്പേ..എന്ന ഗാനം ഓസ്കാർ നോമിനേഷനിൽ പോയി.
എം.ജി.ശ്രീകുമാർ സംഗീത സംവിധായകനായ 'ഒരു നാൾ വരും' എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി സിനിമാ ഗാനങ്ങളെഴുതിയത്. സുദീപ് കുമാറിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച രതിനിർവേദത്തിലെ 'ചെമ്പക പൂം കാട്ടിലെ', ശ്രേയാ ഘോഷാലിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച 'കണ്ണോരം..ചിങ്കാരം' എന്നീ ഗാനങ്ങളും എഴുതി.ഗാനഗന്ധർവൻ യേശുദാസ് പിന്നണിഗാന രംഗത്ത് അമ്പതാണ്ട് പൂർത്തിയാക്കിയത് ഞാനെഴുതിയ 'ചംച്ചം ചംച്ചം' എന്ന മല്ലുസിംഗിലെ ഗാനം ആലപിച്ചാണ്.
കവി സച്ചിദാനന്ദന്റെ വിമർശനത്തെക്കുറിച്ച്?
മലയാളത്തിന്റെ പ്രിയപ്പെട്ട കവിയാണ്.എന്നാൽ, കേരളത്തിന്റെ വർത്തമാനകാല കക്ഷി രാഷ്ട്രീയ കാര്യങ്ങളിൽ അപക്വമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |