
കൊച്ചി: ബംഗളൂരു സ്വദേശി സൂരജ് ലാമയ്‌ക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ വിശദ അന്വേഷണം നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി. സൂരജ് ലാമ ഒക്ടോബർ അഞ്ചിന് നെടുമ്പാശേരിയിലെത്തിയത് മുതൽ കളമശേരിയിലെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതുവരെയുള്ള സംഭവങ്ങൾ വിശദമായി അന്വേഷിക്കണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഉറപ്പാക്കാനായിട്ടില്ലെന്ന് അറിയിച്ചത് കണക്കിലെടുത്താണ് നിർദ്ദേശം. അന്വേഷണത്തിന് പൊലീസ് കമ്മിഷണറോ തുല്യനിലയിലുള്ള ഉദ്യോഗസ്ഥനോ നേതൃത്വം വഹിക്കണം. കൊലപാതക സാദ്ധ്യതയടക്കം പരിശോധിക്കേണ്ടതുണ്ട്. മറ്റൊരു ഇന്ത്യക്കാരനും ഇങ്ങനെയൊരു അവസ്ഥ കേരളത്തിലുണ്ടാകരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നിരീക്ഷിച്ചു.
ഇടക്കാല പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് നെടുമ്പാശേരി എസ്.എച്ച്.ഒ ഹാജരാക്കിയത്. സൂരജ് ലാമയെ കാണാതായ സമയത്ത് മകൻ സാന്റോൺ ലാമ ഫയൽ ചെയ്ത ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മൃതദേഹം സൂരജ് ലാമയുടേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. സംസ്കാരവും നടത്തി. എന്നാൽ കുടുംബത്തോട് നീതിപുലർത്തേണ്ടതുണ്ടെന്നും കേസിലെ തുടർനടപടികൾ അവസാനിപ്പിക്കുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ട് വിശദ അന്വേഷണത്തിന് കോടതി നിർദ്ദേശിക്കുകയായിരുന്നു. കളമശേരിയിലെ കുറ്റിക്കാട്ടിൽ മുഖം വെള്ളത്തിൽ മുങ്ങിയ നിലയിൽ നവംബർ 30നാണ് മൃതദേഹം കണ്ടെത്തിയത്. വിഷയം മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |